മഴ തുടരും, പ്രളയഭീതിയില്ല: മന്ത്രി രാജൻ
Mail This Article
തൃശൂർ ∙ ഓഗസ്റ്റ് 3 വരെ മഴയ്ക്കു സാധ്യതയുണ്ടെന്നും എന്നാൽ പ്രളയഭീതിയുടെ സാഹചര്യം ഇപ്പോൾ ഇല്ലെന്നും പ്രളയ പ്രവചനങ്ങൾ വേണ്ടെന്നും മന്ത്രി കെ.രാജൻ. 14 ജില്ലകളിലെയും കലക്ടർമാർ പങ്കെടുത്ത ഓൺലൈൻ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരം വീണ് ധാരാളം അപകടങ്ങൾ ഉണ്ടാവുന്നു.
വില്ലേജ്, പഞ്ചായത്ത്, വനം വകുപ്പ് അധികൃതരുടെ സംഘം സന്ദർശിച്ച് വിലയിരുത്തി മരം മുറിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്. അതിരാവിലെ നടക്കാനിറങ്ങുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. കുട്ടികൾക്ക് യാത്രയ്ക്കു ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിലെ സ്കൂളുകൾക്ക് അവധി കൊടുക്കാം.
കൂടുതൽ ദിവസം അവധി കൊടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ച് തീരുമാനമെടുക്കണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്താനാവുമോ എന്ന് പരിശോധിക്കണം. രാത്രിയാത്ര പരമാവധി ഒഴിവാക്കുക. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 25,000 രൂപ വീതം വില്ലേജ് ഓഫിസർമാർക്ക് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ ദ്രുതപ്രതികരണ സേനകളെ സജ്ജമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പഴയ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകും.
∙വിളിക്കുക
അപകടകരമായ സാഹചര്യങ്ങൾ വൈദ്യുതി വകുപ്പിനെ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാൻ വിളിക്കുക– 1077.