മന്ത്രി റിപ്പോർട്ട് തേടി; പാലക്കാട് റെയിൽവേ ഡിവിഷന് അപായമണി
Mail This Article
മംഗളൂരു ∙ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാൻ ഔദ്യോഗികതലത്തിൽ നീക്കം തുടങ്ങി. പാലക്കാട്, കൊങ്കൺ, മൈസൂരു ഡിവിഷനുകൾക്കു കീഴിലുള്ള മംഗളൂരു റെയിൽവേയെ ഒരു ഡിവിഷനു കീഴിൽ മാത്രം ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പഠിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ 3 ഡിവിഷൻ മേധാവികളോടും റെയിൽവേ സഹമന്ത്രി വി.സോമണ്ണ നിർദേശിച്ചു.
തീരദേശ യാത്രാപ്രശ്‌നം ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിലായിരുന്നു നിർദേശം. മംഗളൂരുവിനെ ഏതെങ്കിലും ഡിവിഷനിൽ നിലനിർത്തുകയാണോ പുതിയ ഡിവിഷൻ തുടങ്ങുകയാണോ എന്നു പറഞ്ഞിട്ടില്ലെങ്കിലും പാലക്കാടിൽനിന്ന് വേർപെടുത്താനുള്ള സാധ്യത വ്യക്തമാണ്.
ഇതുവഴി ഫലത്തിൽ പാലക്കാട് ഡിവിഷൻ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണു നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.വികസനം വൈകുന്നതു തടയാനാണ് ഏക ഡിവിഷൻ എന്നാണ് സോമണ്ണ വിശദീകരിച്ചത്.