സംസ്ഥാനത്ത് ഇന്നു മുതൽ മഴ ദുർബലമാകും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നുമുതൽ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ 11.55 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കാം.
വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണു നിലവിലെ മഴയ്ക്ക് കാരണം. തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
അടുത്ത 4 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരും. ജൂലൈ അവസാനത്തോടെ വീണ്ടും കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.
പാതി നിറഞ്ഞ് ഇടുക്കി അണക്കെട്ട്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 50 ശതമാനമായി ഉയർന്നു. ഒരാഴ്ചയിൽ 11 ശതമാനം വെള്ളമാണ് അണക്കെട്ടിൽ ഒഴുകിയെത്തിയത്. ഈ മാസം ഇതുവരെ 435.533 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തിയപ്പോൾ മൂലമറ്റം നിലയത്തിൽ 147.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തത് ജലനിരപ്പ് ഉയരുന്നതിന് കാരണമായി. അണക്കെട്ടിലേക്കുള്ള ജലസ്രോതസ്സുകൾ സജീവമായി. അണക്കെട്ടിലിപ്പോൾ 2355.10 അടി വെള്ളമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ്. ഡാമിൽ കഴിഞ്ഞ വർഷം ഇതേ ദിവസം 2324.36 അടി വെള്ളമായിരുന്നു ഉണ്ടായിരുന്നത്.