ഭക്ഷ്യഭദ്രതാ കമ്മിഷൻ ചെയർപഴ്സൻ നിയമനം: യോഗ്യത ഭദ്രമല്ലെന്നു വാദം
Mail This Article
കോഴിക്കോട് ∙ ഭക്ഷ്യഭദ്രതാ കമ്മിഷൻ ചെയർപഴ്സനായി പാർട്ടി നോമിനിയെ നിയമിക്കാനുള്ള സിപിഐ നീക്കം ഭരണഘടനാ തത്വങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സിലക്‌ഷൻ കമ്മിറ്റിയിൽ പൊട്ടിത്തെറി. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുൻ പിഎസ്‌സി അംഗത്തിനു ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലെന്നും ശേഷിക്കുന്ന 10 പേരെ മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും സിലക്‌ഷൻ കമ്മിറ്റി അംഗമായ കൃഷിവകുപ്പ് പ്രതിനിധി നിലപാടെടുത്തതോടെ ഫയൽ നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിട്ടു. ചീഫ് സെക്രട്ടറിയുടെ റാങ്കോടെ 5 വർഷത്തേക്കുള്ള നിയമനം, പബ്ലിക് സർവീസ് കമ്മിഷനിൽ നിന്നു വിരമിച്ച വ്യക്തിക്കു നൽകാനാണു നീക്കം.
പിഎസ്‌സി അംഗങ്ങളെ, വിരമിച്ച ശേഷം ശമ്പളം പറ്റുന്ന ഒരു ജോലിയിലേക്കും പരിഗണിക്കരുതെന്നാണു ഭരണഘടനയുടെ 319 (ഡി) വകുപ്പ് വ്യക്തമാക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഈ സ്ഥാനത്തേക്ക് ആദ്യ പരിഗണന നൽകണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഭക്ഷ്യസുരക്ഷ, കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹിക സേവനം,
ആരോഗ്യ–ഭക്ഷ്യ നയങ്ങൾ എന്നീ മേഖലകളിൽ അറിവുള്ള ആളെ തിരഞ്ഞെടുക്കണം. രാജ്യാന്തര അക്കാദമിക് രംഗത്ത് ഏറെ നേട്ടങ്ങളുണ്ടെങ്കിലും പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളയാളുടെ മേഖല ഇതൊന്നുമല്ല. ഭക്ഷ്യഭദ്രതാ കമ്മിഷൻ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അല്ല ശമ്പളം നൽകുന്നതെന്നുമുള്ള വാദം മുന്നോട്ടുവച്ച് സ്വകാര്യ അഭിഭാഷകന്റെ നിയമോപദേശം ഇദ്ദേഹം ഹാജരാക്കിയതും എതിർപ്പിനു കാരണമായി. സിപിഐയിലും എതിർപ്പുണ്ട്.