ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു; അപകടം കുമളി 66–ാം മൈലിനു സമീപം
Mail This Article
കുമളി ∙ കോട്ടയം – കുമളി റോഡിൽ 66–ാം മൈലിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഡ്രൈവർ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 8.15ന് ആണു സംഭവം. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്.
-
Also Read
ഒരു മിഠായി 'അടി'
പീരുമേട് ഭാഗത്തുനിന്നു കുമളിയിലേക്കു പോകുകയായിരുന്ന കാറിന് 66–ാം മൈലിനു സമീപത്തുവച്ചു തീപിടിക്കുകയായിരുന്നു. ഞൊടിയിടയിൽ തീപടർന്നു. അവിടെയെത്തിയ കെഎസ് ആർടിസി ബസിലുള്ളവരാണു തീപടർന്നത് ആദ്യം കണ്ടത്. ബസിലുണ്ടായിരുന്ന ചിലർ കാറിനു സമീപത്തെത്തി യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് മാറ്റി പുറത്തെത്തിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായി. കാറിലുണ്ടായിരുന്നയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുമളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണു തീപിടിച്ചത്.
കുമളി ഭാഗത്തേക്കു വന്നിരുന്ന കാറിൽനിന്നു ചെറിയ പുക ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. കാർ നിയന്ത്രണം വിട്ടു സമീപത്തുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചെന്നും ഇവർ പറയുന്നു. നാട്ടുകാർ ടാങ്കറിൽ വെള്ളം എത്തിച്ചു തീയണയ്ക്കുകയായിരുന്നു. 20 കിലോമീറ്റർ അകലെയുള്ള അഗ്നിരക്ഷാസേനാ വിഭാഗം സ്ഥലത്തെത്തിയപ്പോൾ തീ പൂർണമായി അണച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.