മതം മാറുന്നവർക്ക് രേഖകൾ തിരുത്തി കിട്ടാൻ അവകാശം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ മതം മാറുന്ന വ്യക്തിക്ക് അതുപ്രകാരം രേഖകൾ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തിൽ ജനിച്ചുവെന്ന കാരണത്താൽ വ്യക്തിയെ ആ മതത്തിൽ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മതം മാറിയ സഹോദരങ്ങൾക്കു വിദ്യാഭ്യാസ രേഖകളിൽ തിരുത്തൽ അനുവദിച്ചു കൊണ്ടാണു കോടതി വിധി. ഹിന്ദു മാതാപിതാക്കൾക്കു ജനിച്ച് പിന്നീടു ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ ലോഹിത്, ലോജിത് എന്നിവർ നൽകിയ ഹർജികളിലാണു ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
2017ൽ മതം മാറിയ ഹർജിക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷം സ്കൂൾ രേഖകൾ തിരുത്താൻ അപേക്ഷ നൽകി. പേരു തിരുത്തി നൽകിയെങ്കിലും മതം തിരുത്തി നൽകാൻ പരീക്ഷാ കമ്മിഷണർ വിസമ്മതിച്ചതു ചോദ്യം ചെയ്താണു ഹർജി. സ്കൂൾ രേഖകളിൽ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന കാരണമാണ് അധികൃതർ പറഞ്ഞത്. സ്കൂൾ രേഖയിൽ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന പേരിൽ ഒരാളെയും ജനിച്ച മതത്തിൽ തന്നെ തളച്ചിടാനാവില്ലെന്നു കോടതി പറഞ്ഞു.
മതം മാറുന്നതു രേഖകളിൽ തിരുത്തി നൽകാതിരിക്കുന്നത് അവരുടെ ഭാവിയെ ബാധിക്കും. ഇത്തരം കടുത്ത നിലപാടുകൾ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. തിരുത്തൽ നിഷേധിച്ച പരീക്ഷാ കമ്മിഷണറുടെ ഉത്തരവു റദ്ദാക്കിയ കോടതി, ഒരുമാസത്തിനകം തിരുത്തി നൽകാൻ നിർദേശിച്ചു. മതം തിരുത്താൻ വ്യവസ്ഥ ഇല്ലെങ്കിൽ പോലും കോടതിയുടെ റിട്ട് അധികാരത്തിൽ നിർദേശം നൽകാൻ സാധ്യമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.