കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമില്ല; ഹർജിയിൽ നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. ആഭ്യന്തര മന്ത്രാലയവും കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിയും മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നു കോടതി വ്യക്തമാക്കി.
ബില്ലുകളിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്കു വിടുകയും വൈകിപ്പിക്കുകയും ചെയ്യുന്ന ഗവർണറുടെ നടപടിയും കോടതി പരിശോധിക്കും. ബംഗാൾ നിയമസഭ പാസാക്കിയ 8 ബില്ലുകൾ പിടിച്ചുവച്ച ഗവർണറുടെ നടപടിക്കെതിരായ ഹർജിയിലും നോട്ടിസയച്ചു. പ്രശ്നത്തിൽ കോടതി പൊതുവായി പരിഗണിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് അറിയിക്കാൻ കേരളം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളോടു സുപ്രീം കോടതി നിർദേശിച്ചു.
കോടതി പരിഗണിക്കേണ്ട പൊതുവിഷയങ്ങൾ ആലോചിച്ചു നൽകാനാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച അഭിഭാഷകരോടു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. കേരളം നൽകിയ ഹർജി രാഷ്ട്രപതിയുടെ നടപടിക്കെതിരെയാണെങ്കിലും കോടതി നോട്ടിസയച്ചത് കേന്ദ്ര സർക്കാരിനാണ്.