വെടിയുതിർത്ത കേസിൽ തെളിവെടുപ്പ്: പ്രതി ഡോ.ദീപ്തിയുടെ ബാഗിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Mail This Article
തിരുവനന്തപുരം∙ കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി കോട്ടയം സ്വദേശി ഡോ.ദീപ്തി മോൾ ജോസിനെ, ഇവർ താമസിക്കുന്ന കൊല്ലത്തെ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ ദീപ്തിയുടെ ഹാൻഡ്ബാഗിൽ നിന്നു കണ്ടെത്തുകയും ഇതു ഓൺലൈൻ വഴി വാങ്ങിയതാണെന്നു മൊബൈൽ ഫോൺ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്തു.
ആക്രമണത്തിനായി വ്യാജ നമ്പർ പതിച്ച് ദീപ്തി എത്തിയ കാർ ചൊവ്വ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തിരുന്നു. ദീപ്തിയുടെ ഭർത്താവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ. ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജീത് നായരും സുഹൃത്തുക്കളായിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ നിരാശയും പകയുമാണ് സുജീത്തിന്റെ ഭാര്യ ഷിനിക്കു നേരെ ദീപ്തി വെടിയുതിർക്കാൻ കാരണമായതെന്നു പൊലീസ് പറഞ്ഞു.
ഭർത്താവിനൊപ്പം ദീപ്തി താമസിക്കുന്ന ആശുപത്രി ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ 8 മണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. 11 മണിയോടെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ റിമാൻഡ് ചെയ്തു. ചൊവ്വ വൈകിട്ട് മൂന്നിനാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡ്യൂട്ടിക്കിടെ ദീപ്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഞായർ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. ദീപ്തി എയർ പിസ്റ്റൾ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിർത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയിൽ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ദീപ്തിയെ കാണാൻ ഭർത്താവും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലും കോടതിയിലും ഇന്നലെ എത്തിയിരുന്നു.