വെളത്ത ചോദിക്കുന്നു: ഈ മഴ തോരും; ഞങ്ങളെങ്ങു പോകും?
Mail This Article
മേപ്പാടി ∙ ‘രാവിലെ കളിക്കാൻ പോയതാണ് അശ്വിൻ. വൈകിട്ടു തിരികെ വരാമെന്നു പറഞ്ഞാണു പോയത്. രാത്രി വൈകിയപ്പോൾ പല തവണ ഞാൻ വിളിച്ചതാ...രാത്രി ഞങ്ങളുടെ കൂടെ വന്നു കിടക്കാൻ. വന്നിരുന്നെങ്കിൽ അവനിപ്പോ ജീവനോടെ ഉണ്ടായേനെ. ഇനിയെത്ര കാലം അവന്റെ കളിയും ചിരിയുമില്ലാതെ ഞങ്ങൾ ജീവിക്കണം? സഹിക്കുന്നില്ല മക്കളേ...’’
ചൂരൽമല സ്വദേശി വെളത്ത (59) ഇടനെഞ്ചു പൊട്ടിക്കരയുകയാണ്. കണ്ണീർത്തുള്ളികളെ കൈകൊണ്ട് തുടച്ച് കരയാതെ പിടിച്ചുനിൽക്കുന്നു ഭർത്താവ് വിൻസെന്റ് (62). അവരുടെ കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. ഏഴാം ക്ലാസ് വിദ്യാർഥിയായ അശ്വിന്റെ മൃതശരീരം മാത്രമേ കിട്ടിയിട്ടുള്ളൂ. മൂത്ത മകൻ സതീഷും ഭാര്യ ഹരിതയും ഹരിതയുടെ അച്ഛനമ്മമാരും കാണാതായവരിൽ ഉൾപ്പെടുന്നു.
വെളുത്തയും ഭർത്താവും മക്കളും ചൂരൽമലയിലെ പാഡിയിലാണു കഴിഞ്ഞിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഹരിതയുടെ അച്ഛനുമമ്മയും കഴിഞ്ഞിരുന്നത്. രാത്രി ആദ്യം ഉരുൾപൊട്ടിയപ്പോൾ എല്ലാവരും പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ഉരുൾപൊട്ടലിൽ വീട് ഒന്നടങ്കം ഒലിച്ചുപോയി. പാഡിയും തകർന്നു. ഇരുട്ടത്ത് ഇവർമാത്രം ഓടിരക്ഷപ്പെട്ടു. അശ്വിനടക്കമുള്ളവരെ കാണാതായി.
മരണം ഇരച്ചെത്തിയ ആ രാത്രിയെക്കുറിച്ച് വെളത്ത പറയുന്നു: ‘പാതിരാത്രി കഴിഞ്ഞു വലിയ ശബ്ദം കേട്ടു. വെള്ളം കുത്തിയൊഴുകി വരുന്നുവെന്നു പലരും പറഞ്ഞു. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. രാവിലെ 4 മണിക്കു വീണ്ടും ഉരുൾപൊട്ടി. അതിലാണു ഞങ്ങൾക്ക് എല്ലാവരെയും നഷ്ടമായത്. ഈ മഴ എന്നെങ്കിലും തോരും. ക്യാംപിൽ നിന്ന് ഈ പിഞ്ചുകുഞ്ഞുങ്ങളുടെ കയ്യും പിടിച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങേണ്ടിവരും. പക്ഷേ, എങ്ങോട്ടുപോവും?