ADVERTISEMENT

∙ പി.ടി. ചാക്കോയെന്നാൽ പേടി തൊടാത്ത ചാക്കോയെന്നും പറയാം. കാരണം, കേരള രാഷ്ട്രീയത്തിൽ നിർഭയത്വത്തിന്റെയും തുറന്ന വിമർശനത്തിന്റെയും പര്യായമായിരുന്നു പുതിയാപറമ്പിൽ തോമസ് മകൻ ചാക്കോ എന്ന പി.ടി. ചാക്കോ. ആന്ധ്ര അരി കുംഭകോണം സംബന്ധിച്ച് ഇഎംഎസിനെക്കൊണ്ട് അന്വേഷണം പ്രഖ്യാപിപ്പിച്ച പ്രതിപക്ഷ പോരാട്ടത്തിന്റെ കുന്തമുനയായിരുന്നു ആ ചാക്കോ. കേരള രാഷ്ട്രീയത്തിലെ ഈ അതികായൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് അറുപതു വർഷം. 1964 ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതം വന്നു മരിക്കുമ്പോൾ അദ്ദേഹത്തിനു 49 വയസ്സായിരുന്നു.

കേരള നിയമസഭ കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന് ചരിത്രം രചിച്ച അദ്ദേഹത്തിന്റെ സമ്പാദ്യപുസ്തകത്തിലെ ശിഷ്ടം പൂജ്യമായിരുന്നെങ്കിലും അണികൾക്കിടയിലും സാധാരണക്കാർക്കിടയിലും അദ്ദേഹം എക്കാലവും സംപൂജ്യനായി.

കോട്ടയം ജില്ലയിൽ വാഴൂർ ചാമംപതാലിൽ കർഷകനായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1915ൽ ജനിച്ച നാട്ടുകാരുടെ ചാക്കോച്ചന് രാഷ്ട്രീയം ജീവശ്വാസമായിരുന്നു. ബിഎൽ പാസായി വക്കീലായി കോടതിയിൽ കയറും മുൻപ് അദ്ദേഹം സമരക്കേസിൽ പ്രതിയായാണ് കോടതിയിൽ എത്തിയത്. ക്വിറ്റ് ഇന്ത്യ സമരത്തിലും ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരായ പ്രക്ഷോഭത്തിലുമെല്ലാം പങ്കെടുത്ത് അഞ്ചു തവണ ജയിൽവാസം അനുഭവിച്ചു.

കോട്ടയം ശാസ്ത്രി റോഡിലെ പി.ടി. ചാക്കോയുടെ വെങ്കല പ്രതിമ. ചിത്രം: മനോരമ
കോട്ടയം ശാസ്ത്രി റോഡിലെ പി.ടി. ചാക്കോയുടെ വെങ്കല പ്രതിമ. ചിത്രം: മനോരമ

1943ൽ മീനച്ചിൽ താലൂക്കിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനമായിരുന്നു സംഘടനാ രാഷ്ട്രീയത്തിലെ ആദ്യ പടി. പിന്നീട് കോട്ടയം താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ തിരുവിതാംകൂറിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ അകലക്കുന്നം നിയോജകമണ്ഡലത്തിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1952ൽ മീനച്ചിൽ പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും ജയിച്ചു. ഒരു വർഷത്തിനു ശേഷം പാർലമെന്റ് അംഗത്വം രാജിവച്ച് നാട്ടിൽ വീണ്ടും സജീവമായി. 1955ൽ കോട്ടയം ഡിസിസി പ്രസിഡന്റായി. 41 ദിവസം അദ്ദേഹം കോട്ടയം ജില്ല മുഴുവൻ കാൽനടയായി പര്യടനം നടത്തി. 

രണ്ടു വർഷത്തിനു ശേഷം വാഴൂരിൽനിന്ന് നിയമസഭയിലേക്കു ജയിച്ചു. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായി. വിമോചനസമരത്തിലും സജീവമായി. 1960ലെ തിരഞ്ഞെടുപ്പിൽ മീനച്ചിലിൽ നിന്ന് നിയമസഭയിലേക്കു ജയിച്ചു. കോൺഗ്രസ്-പിഎസ്പി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ലാൽ ബഹാദുർ ശാസ്ത്രിക്കു പോലും മതിപ്പു തോന്നിയ പ്രകടനമായിരുന്നു പി.ടി. ചാക്കോയുടേത്.

കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി അമരാവതിയിൽ എകെജി നടത്തിയ നിരാഹാരസമരം അവസാനിപ്പിക്കാൻ നാരങ്ങാനീരു നൽകിയത് അന്ന് ആഭ്യന്തരമന്ത്രിയായ പി.ടി. ചാക്കോയായിരുന്നു. കുഴപ്പം പിടിച്ച ഫയലുകൾ തീർപ്പാക്കാൻ മറ്റു മന്ത്രിമാർ പോലും അദ്ദേഹത്തെ ആശ്രയിച്ചിരുന്നു. പക്ഷേ, പി.ടി. ചാക്കോയ്ക്കു സ്വയം തൃപ്തി തോന്നിയത് റവന്യു വകുപ്പിന്റെ ചുമതല വഹിച്ചപ്പോൾ കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ശിൽപിയായി പ്രവർത്തിച്ചതിലാണ്.

(1) പി.ടി. ചാക്കോ (2) ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലുള്ള ആദ്യ കയ്യെഴുത്തുപ്രതിയിൽ പി.ടി. ചാക്കോ മലയാളത്തിൽ രേഖപ്പെടുത്തിയ ഒപ്പ്.
(1) പി.ടി. ചാക്കോ (2) ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദിയിലുള്ള ആദ്യ കയ്യെഴുത്തുപ്രതിയിൽ പി.ടി. ചാക്കോ മലയാളത്തിൽ രേഖപ്പെടുത്തിയ ഒപ്പ്.

വായനയെ ഏറെ സ്നേഹിച്ച പി.ടി.ചാക്കോയുടെ സംഭാവനയാണ് നാഷനൽ ബുക്ക് സ്റ്റാൾ. അതിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. വിദ്യാഭ്യാസ കാലത്തു തന്നെ നാട്ടിൽ വായനശാലകൾ തുടങ്ങിയ അദ്ദേഹം വാഴൂരിൽ കർഷകഗ്രന്ഥശാലയുടെ സ്ഥാപകനായി. സർ സിപിക്കൊരു തുറന്ന കത്ത്, കമ്യൂണിസം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ആർ.ശങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1964 ഫെബ്രുവരിയിൽ രാജിവച്ച പി.ടി.ചാക്കോ വീണ്ടും അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. ഇതിനിടെ പിതൃസ്വത്തായി ലഭിച്ച ചാമംപതാലിലെ ഭൂമിയിൽ മൗണ്ട് ലൂർദ് എന്ന വീടു പണിത് കോട്ടയത്തുനിന്ന് അവിടേക്കു താമസം മാറ്റിയിരുന്നു. രാഷ്ട്രീയക്കാരനായി വരുത്തിവച്ച കടം വക്കീൽ ജോലികൊണ്ട് വീട്ടാമെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. 

ക്രിമിനൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ച പി.ടി. ചാക്കോ കുറ്റ്യാടിക്കടുത്ത് കാവിലംപാറയിൽ വസ്തുതർക്കവുമായി ബന്ധപ്പെട്ടു നടന്ന കൊലപാതകക്കേസിൽ സ്ഥലം പരിശോധനയ്ക്കായി പോയപ്പോഴാണ് ഹൃദയസ്തംഭനം വന്നു മരിക്കുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും അദ്ദേഹം ആദ്യം കാര്യമാക്കിയില്ല. അറ്റാക്കാണെങ്കിൽ ആദ്യം വേദന വന്നപ്പോഴേ മരിച്ചേനേ എന്നു പറഞ്ഞ അദ്ദേഹം മുക്കാൽ മണിക്കൂറിനു ശേഷം വീണ്ടും വേദന വന്നപ്പോഴാണ് ഗൗരവമായി എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

പ്രാണൻ പിടയുന്ന വേദനയും നിസ്സാരമായി എടുത്ത പി.ടി.ചാക്കോ പക്ഷേ കരഞ്ഞുപോയ അനുഭവവുമുണ്ട്. അത് മൂത്ത മകൾ ഗീതയെ ജർമനിയിൽ മെഡിസിനു പഠിക്കാൻ യാത്രയാക്കിയപ്പോഴാണ്. പി.ടി. ചാക്കോ-മറിയാമ്മ ദമ്പതികൾക്ക് ആറു മക്കളാണുള്ളത്. മക്കളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ചാക്കോച്ചൻ അവർക്കൊപ്പം സമയം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരുന്നു. 

പ്രസംഗം പറയിച്ചും 25 കൊല്ലം കഴിയുമ്പോൾ എന്താകും എന്നെല്ലാം ഓരോരുത്തരെക്കൊണ്ടും സ്വയം പറയിച്ചും പാട്ടുപാടിച്ചുമെല്ലാം ഒപ്പമുണ്ടായിരുന്ന നല്ല പിതാവിനെയാണ് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ഉൾപ്പെടെയുള്ള മക്കൾ ഓർക്കുന്നത്. മുഖത്തെ ഗൗരവത്തിന് മാറ്റു കൂട്ടിയ ആ സ്റ്റാലിൻ മോഡൽ കട്ടിമീശയ്ക്കു പിന്നിൽ പക്ഷേ കരുണാർദ്രനായ വാൽസല്യനിധിയായ ‘അച്ചെ’യെയാണ് അവർക്ക് ഓർമ.

‘കെ.ആർ. ഗൗരിയമ്മ ഒരിക്കൽ എന്നോട് പറഞ്ഞു: ‘‘ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു പി.ടി.ചാക്കോ. എങ്കിലും അദ്ദേഹത്തോട് ഞങ്ങൾക്ക് പ്രത്യേകമായ താൽപര്യവും ബഹുമാനവും ഉണ്ടായിരുന്നു.’’ എന്റെ പിതാവ് പി.ടി.ചാക്കോയുടെ പ്രവർത്തനങ്ങളെപ്പറ്റി പലരും ഈ മട്ടിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പല മാധ്യമങ്ങളും അദ്ദേഹത്തെ മന്ത്രിമുഖ്യൻ എന്ന് വിശേഷിപ്പിച്ചിരുന്നു. ഒരുപാടു നേതാക്കന്മാർ അദ്ദേഹത്തെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവെന്നു വിശേഷിപ്പിക്കുന്നതും കേൾക്കാൻ ഇടവന്നിട്ടുണ്ട്.

30 വർഷത്തോളം നീണ്ട പൊതുപ്രവർത്തനത്തിലൂടെ ജനങ്ങൾക്കുവേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭാരത സർക്കാർ സൂക്ഷിച്ചിട്ടുള്ള ഒറിജിനൽ ഭരണഘടനയിൽ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കർ എന്നിവരോടൊപ്പം പി.ടി.ചാക്കോയുടെ ഒപ്പുമുണ്ട്. അതിന്റെ കോപ്പി ഇപ്പോഴും വലിയ ബഹുമാനത്തോടെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.’

ഓർമകൾ ചില്ലിട്ട് ചാമംപതാൽ

വാഴൂർ ∙ ചാമംപതാലിൽ പി.ടി. ചാക്കോയുടെ തറവാട്ടിൽ ഇളയമകൻ ജിമ്മിയുടെ കുടുംബമാണ് ഇപ്പോഴുള്ളത്. വിശാലമായ മുറികളും മുറ്റവുമുള്ള വീട്. പഴയ ഓഫിസ് മുറിയും ഫർണിച്ചറും അതേ നിലയിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണട, ചെരിപ്പ്, സിഗരറ്റ് ഇട്ടു വച്ചിരുന്ന ഡപ്പി, ആഷ്ട്രേ എന്നിവയെല്ലാം ചില്ലിട്ട അലമാരിയിൽ ഭദ്രം. മുറ്റത്തെ വലിയ കാർ ഷെഡും പഴയ പൂന്തോട്ടവും അതേപടി നിലനിർത്തിയിരിക്കുന്നു.

ചാമംപതാലിലെ പുല്ലോലി വീട്ടിൽ പി.ടി. ചാക്കോയുടെ മകൻ ജയിംസ് ചാക്കോയുടെ ഭാര്യ സെലിൻ ജയിംസ് മകൾ മേഘ ജയിംസിനും കൊച്ചുമകൻ ഈദൻ ചാർലിക്കും ഒപ്പം. ചിത്രം: മനോരമ
ചാമംപതാലിലെ പുല്ലോലി വീട്ടിൽ പി.ടി. ചാക്കോയുടെ മകൻ ജയിംസ് ചാക്കോയുടെ ഭാര്യ സെലിൻ ജയിംസ് മകൾ മേഘ ജയിംസിനും കൊച്ചുമകൻ ഈദൻ ചാർലിക്കും ഒപ്പം. ചിത്രം: മനോരമ

ശാസ്ത്രി റോഡിലെ നിത്യസാന്നിധ്യം

കോട്ടയം ∙ പി.ടി.ചാക്കോയുടെ വേർപാടിനു ശേഷം 17 വർഷം കഴിഞ്ഞ് 1981 ഫെബ്രുവരി 21നാണ് കോട്ടയം ശാസ്ത്രി റോഡിൽ പൂർണകായ പ്രതിമ സ്ഥാപിച്ചത്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രൻ പ്രതിമ അനാഛാദനം ചെയ്തു. കേരള കോൺഗ്രസ് ചെയർമാൻ ജോർജ് ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രതിമ സ്ഥാപിക്കലിനു നേതൃത്വം നൽകിയത്.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ആർട്ടിസ്റ്റ് സാബു ജോസഫായിരുന്നു ശിൽപി. ആദ്യം കളിമണ്ണിൽ ഉണ്ടാക്കിയ പ്രതിമ ചാക്കോയുടെ ഭാര്യ മറിയാമ്മയെ കാണിച്ച് രൂപസാദൃശ്യം സംബന്ധിച്ച് അഭിപ്രായം തേടിയ ശേഷം വെങ്കലത്തിൽ നിർമിക്കുകയായിരുന്നു.

English Summary:

PT Chacko 60th death anniversary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com