വീട്ടിലെത്തി വെടിയുതിർത്ത കേസ്: വനിതാ ഡോക്ടറുടെ പരാതി; സുജീത്തിന് എതിരെ ലൈംഗിക പീഡനക്കേസ്

Mail This Article
തിരുവനന്തപുരം ∙ വഞ്ചിയൂർ വെടിവയ്പ് കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടറുടെ പരാതിയിൽ, വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തു. വഞ്ചിയൂർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സുജീത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് സുജീത്തിനെ ചോദ്യം ചെയ്യും. പ്രതിയായ ഡോക്ടറെ മൂന്നു ദിവസം കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
കൊല്ലത്തെ ആശുപത്രിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു പീഡനമെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തുടർന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ വനിതാ ഡോക്ടറും ഷിനിയുടെ ഭർത്താവ് സുജീത്തും സുഹൃത്തുക്കളായിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടർ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആർഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്. ഇവർ ഏറെനാൾ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് സുജീത് ഇവരെ ഒഴിവാക്കിയെന്നും ഇതിൽ ഇവർ കടുത്ത മാനസിക സമർദത്തിലായിരുന്നു എന്നുമാണ് മൊഴി. സുജീത്തിനെ ഞെട്ടിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചത്.
ഇതിനായി 42 കിലോമീറ്റർ കാറോടിച്ച് ഷിനിയുടെ വീട്ടിലെത്തി. എയർ പിസ്റ്റൾ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചു. ആക്രമണം ചെറുക്കുന്നതിനിടയിൽ പെല്ലറ്റ് വലതു കൈവെള്ളയിൽ തുളഞ്ഞുകയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.