രക്ഷിച്ചത് 50 പേരെ, മലവെള്ളത്തിൽ തകർന്നു; ഓർമകളിൽ ഓട്ടം തുടർന്ന് അശോകന്റെ ഓട്ടോ

Mail This Article
ചൂരൽമല ∙ ഉരുൾപൊട്ടിയ വാർത്തയറിഞ്ഞു ചൂരൽമലയിലേക്കു വരുന്നവർക്കെല്ലാം കാണാൻ പാകത്തിന് അങ്ങാടിക്കരികിൽ ഒരു ഓട്ടോറിക്ഷ തകർന്നു കിടക്കുന്നുണ്ട്. അക്ഷയ് നിവാസിൽ അശോകന്റേതാണ് ആ ഓട്ടോ. പ്രദേശവാസികളായ അൻപതോളം പേരെ മരണത്തിൽ നിന്നു രക്ഷപ്പെടുത്താൻ അശോകനു കൂട്ടായി നിന്ന വണ്ടി മലവെള്ളത്തിൽ തകർന്നുപോയി. ജീവിതോപാധി നഷ്ടമായതിൽ അശോകനു സങ്കടമില്ല. വേണ്ടപ്പെട്ട എത്രയോ ജീവനുകൾ ഒലിച്ചു പോയെങ്കിലും കുറേയേറെ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം ബാക്കിയുണ്ട്.
ഉരുൾപൊട്ടുന്നതിനു 2 മണിക്കൂർ മുൻപു പുഴയിലെ വെള്ളം കുത്തനെ ഉയരുകയും മഴ അതിശക്തമാകുകയും ചെയ്തപ്പോൾ തന്നെ അശോകനടക്കം പ്രദേശവാസികളിൽ പലരും അപകടം മണത്തിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ സമീപത്തെ പുഴയ്ക്കപ്പുറത്തെ പാടികളിൽ നിന്നു തൊഴിലാളി കുടുംബങ്ങളെ ഇക്കരയിലെത്തിക്കുന്നതാകും നല്ലതെന്ന തോന്നലിൽ രക്ഷാപ്രവർത്തകർ രംഗത്തിറങ്ങി. ഓട്ടോയുമായി അശോകനും. പുഴ കടന്നു പാടികളിലെത്തി ഓരോ കുടുംബത്തെ വീതം കയറ്റി ഇക്കരയുള്ള ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു.
രാത്രി 11 മണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയായപ്പോൾ ഓട്ടോ അങ്ങാടിയിൽ സുരക്ഷിതമായി പാർക്ക് ചെയ്തു വീട്ടിലേക്കു മടങ്ങി. രാത്രിയിൽ കൂട്ടനിലവിളിയും ബഹളവും കേട്ടുണർന്നപ്പോഴാണ് ഉരുൾപൊട്ടിയെന്നു മനസ്സിലായത്. പാടിയിലുള്ളവരുടെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കി പാലം കടന്നു മറുകരയെത്തിയതും രണ്ടാമത്തെ ഉരുളും പൊട്ടി. ആർത്തലച്ചുവന്ന വെള്ളം പാലം തകർത്തതോടെ അശോകനടക്കം രക്ഷാപ്രവർത്തകരും മറുകരയിൽ കുടുങ്ങി. പിറ്റേന്നു താൽക്കാലിക പാലമുണ്ടാക്കിയ ശേഷമാണ് ഇക്കരെയെത്താനായത്.
അജ്ഞാത ബാലനെക്കൂടി രക്ഷിച്ചു നാലംഗ കുടുംബം
ചൂരൽമല ∙ മക്കളുടെ കൈപിടിച്ചു വലിച്ചു കൊണ്ടു മലവെള്ളത്തിൽ നിന്നു കരകയറാൻ ശ്രമിക്കുമ്പോഴാണു ഫൗസിയയും ഭർത്താവ് അബ്ദുൽ മൻസൂറും ഒരു നിലവിളി കേട്ടത്. കുതിച്ചുപായുന്ന വെള്ളത്തിലൂടെ ഒഴുകിയെത്തിയൊരു കുട്ടി ഇതാ, വീടിന്റെ ഭിത്തിയിൽ വന്നിടിക്കുന്നു. അവന്റെ മുഖമാസകലം ചതവേറ്റു രക്തമൊലിക്കുകയാണ്. ഭിത്തിയിൽ തട്ടി നിന്ന കുട്ടിയെ കൈവിടാൻ അവർക്കായില്ല. ജീവൻ നഷ്ടപ്പെടാനിടയുണ്ടായിട്ടും തിരികെ മലവെള്ളത്തിലേക്കിറങ്ങി ആ കുഞ്ഞിനെ വലിച്ചെടുത്തു കരകയറ്റി.
അബ്ദുൽ മൻസൂർ – ഫൗസിയ ദമ്പതികളുടെ വീടു പൂർണമായി തകർത്തുകൊണ്ടാണു ഉരുൾവെള്ളം പാഞ്ഞെത്തിയത്. മകൻ മുഹമ്മദ് ഷാമിൻ (14) കിടന്നുറങ്ങിയിരുന്ന മുറിയുടെ ഭിത്തി തകർന്നുവീണു.