‘ആ ഓർമകളിലേക്ക് ഇനിയില്ല..’: കുത്തൊഴുക്കിൽ നിന്ന് കൈക്കുഞ്ഞുമായി രക്ഷപ്പെട്ട റമീന പറയുന്നു

Mail This Article
മേപ്പാടി ∙ മൂന്നു മാസമാണ് റമീനയുടെ ഇളയ കുഞ്ഞിന്റെ പ്രായം. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽനിന്ന് അദ്ഭുതകരമായാണു കുഞ്ഞുമായി കുടുംബം രക്ഷപ്പെട്ടത്. മുണ്ടക്കൈ പാടിയിലാണ് റമീനയും ഭർത്താവും താമസിക്കുന്നത്. പ്രസവത്തിനായാണ് ചൂരൽമലയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ വർഷം ലൈഫ് പദ്ധതിയിൽ ഉപ്പ ആനമാറി ഇസ്മായിൽ പൂർത്തിയാക്കിയ കൊച്ചുവീട്. ഉമ്മ ഹൈറുന്നീസയും റമീനയുടെ ഭർത്താവ് ഷംസീറും മകൻ ഷിറാസും സംഭവസമയം വീട്ടിലുണ്ടായിരുന്നു.
പാതിരാത്രി വലിയ ശബ്ദം കേട്ട് ഉപ്പയാണ് ആദ്യം ഉണർന്നത്. അടുക്കള ഭാഗത്ത് പോയി നോക്കിയപ്പോൾ ഒരുവശം ഇടിഞ്ഞ് വെള്ളം അകത്തേക്ക് ഇരച്ചുകയറുന്ന സ്ഥിതി. എല്ലാവരെയും വിളിച്ചുണർത്തി ടെറസിലേക്ക് കയറ്റി. അൽപസമയം കഴിയും മുൻപേ മൂണ്ടക്കൈയിൽ നിന്ന് മൂത്തമകളുടെ വിളിയെത്തി. വലിയ ഉരുൾപൊട്ടലാണ്.. സൂക്ഷിക്കണേ.. നിമിഷങ്ങൾക്കുള്ളിൽ പ്രദേശമാകെ ചെളിവന്നു നിറഞ്ഞു.
ഇനി വീട്ടിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്നു മനസ്സിലായതോടെ ഉപ്പയും ഭർത്താവും ചേർന്ന് പിടിച്ചിറക്കി.. ചെളിയും കല്ലും മരങ്ങളും ഒഴുകിയെത്തി ഒന്നും മനസ്സിലാകാത്ത സ്ഥിതി.. ചുറ്റും ഇരുട്ട്.. ഇടയ്ക്കിടെ കുത്തൊഴുക്ക്.. എങ്ങനെയൊക്കെയോ സമീപത്തെ വീട്ടിലെത്തി.. ഭാഗ്യത്തിന് ആ വീട് ഉരുൾ ബാക്കിവച്ചു.
സൈന്യമെത്തിയാണ് രക്ഷപ്പെടുത്തിയത്. ‘ആ വരവിൽ കണ്ട കാഴ്ചകൾ കണ്ണിൽ നിന്നു മായുന്നില്ല. അയൽക്കാരും ബന്ധുക്കളും ഉൾപ്പെടെ 24 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ മാറ്റുന്നത് ഞങ്ങൾ കണ്ടു. ഇനി ആ നാട് ഞങ്ങൾക്കു വേണ്ട.. ആ ഓർമകളിലേക്ക് ഇനി മടങ്ങില്ല.. ദുരിതാശ്വാസ ക്യാംപിൽ നിന്നിറങ്ങിയാൽ എങ്ങോട്ടുപോകുമെന്ന് അറിയില്ല.. വേറെ എവിടെയെങ്കിലും കൊച്ചുകൂര പണിയാൻ ആരെങ്കിലും താങ്ങാവുമായിരിക്കും’– നിറകണ്ണുകളോടെ റമീന പറഞ്ഞുനിർത്തി.