വയനാട്ടിലെ ഉരുൾപൊട്ടൽ: ദുരന്തബാധിതരുടെ വായ്പ ഒഴിവാക്കിയേക്കും
Mail This Article
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സർക്കാർ ആലോചന. ഇവരുടെ വായ്പകൾ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ കത്തെഴുതും. മൊറട്ടോറിയം അനുവദിക്കാനും ആവശ്യപ്പെടും. ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ക്യാംപിൽ കഴിയുന്നവരെ അടക്കം ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. പരാതി ലഭിച്ചാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.
വയനാട് പുനരധിവാസ പാക്കേജിനൊപ്പം നഷ്ടപരിഹാരത്തുകയും വായ്പകൾ എഴുതിത്തള്ളുന്ന കാര്യവും പ്രഖ്യാപിക്കാനാണ് ആലോചന. ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഇന്നലത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ധനകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. തുടർന്നും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടാലാണു നടപടിയെടുക്കുക.