വയനാടിന് വേണം 1,000 കോടി; സംഭാവനയിലൂടെ പ്രതീക്ഷിക്കുന്നത് 500 കോടി, കേന്ദ്രം കനിയുമോ?

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി സർക്കാരിനു വേണ്ടത് 1,000 കോടിയോളം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയും സാലറി ചാലഞ്ചിലൂടെയും പ്രതീക്ഷിക്കുന്നത് 500 കോടി. ബാക്കി 500 കോടി കേന്ദ്ര സഹായം ഉറപ്പില്ലാത്തതിനാൽ ബജറ്റിൽനിന്നു തന്നെ കണ്ടെത്താനാണ് ആലോചന. വയനാട് സമഗ്ര പാക്കേജിനു വേറെ പണം കണ്ടെത്തണം.
ദുരിതാശ്വാസ നിധിയിലേക്കു പണമായും വാഗ്ദാനമായും 50 കോടിയോളം രൂപയാണ് എത്തിയിട്ടുള്ളത്. സാലറി ചാലഞ്ചിലൂടെ 350 കോടി പ്രതീക്ഷിക്കുന്നു. എല്ലാവരും 5 ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടി രൂപ ലഭിക്കേണ്ടതാണ്. പ്രളയത്തോടനുബന്ധിച്ചു സാലറി ചാലഞ്ച് വഴി 1,246 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്.
പൊതുജനങ്ങളിൽനിന്ന് 230 കോടിയും കിട്ടി. ആകെ കിട്ടിയത് 4,970 കോടി രൂപ. കോവിഡ് കാലത്തു സംഭാവനയായി കിട്ടിയതാകട്ടെ 1,129 കോടി രൂപയും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംഭാവനയിൽ സമാനമായ ഒഴുക്കില്ല.
കടമെടുത്തു, 3,000 കോടി
തിരുവനന്തപുരം ∙ ശമ്പള, പെൻഷൻ വിതരണത്തിനും ഇൗ മാസത്തെ മറ്റു ചെലവുകൾക്കുമായി 3,000 കോടി രൂപ സർക്കാർ കടമെടുത്തു. റിസർവ് ബാങ്ക് മുഖേന പൊതുവിപണിയിൽ കടപ്പത്രമിറക്കിയായിരുന്നു കടമെടുപ്പ്. 7.31 ശതമാനമാണു പലിശ. ഇതിൽ 2,000 കോടി 35 വർഷം കൊണ്ടും 1,000 കോടി 16 വർഷം കൊണ്ടുമാണു തിരിച്ചടയ്ക്കേണ്ടത്.
സംഭാവന തുടരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 5 ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒരു ലക്ഷം രൂപയും സംഭാവന നൽകി. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ കുറഞ്ഞതു 10 ദിവസത്തെ ശമ്പളം സംഭാവന ചെയ്യും. മന്ത്രിമാർ നൽകുന്ന ഒരു ലക്ഷം രൂപ കൂടാതെ 2 ലക്ഷം രൂപ കൂടി മന്ത്രി ആർ.ബിന്ദു സംഭാവന നൽകി. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’ ദുരിതബാധിതർക്കു സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നു 2 വീടുകൾ നിർമിച്ചു നൽകും.
∙ ഇന്നലെ ദുരിതാശ്വാസനിധിയിലേക്കു ലഭിച്ച സംഭാവനകൾ:
നടൻ പ്രഭാസ്– 2 കോടി, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജീവനക്കാരും തൊഴിലാളികളും ചേർന്ന്– ഒരു കോടി
കണ്ണൂർ ജില്ലാ പഞ്ചായത്ത്– ഒരു കോടി, കൊച്ചി കോർപറേഷൻ– ഒരു കോടി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്– ഒരു കോടി
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഇന്ത്യ (ക്രെഡായ്) - 50 ലക്ഷം, വിരമിച്ച എയ്ഡഡ് കോളജ് അധ്യാപകരുടെ സംഘടന ‘സാന്ത്വനം’- 50 ലക്ഷം, കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ - 50 ലക്ഷം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം - 30 ലക്ഷം, കെൽട്രോൺ– 30 ലക്ഷം, എൻസിപി സംസ്ഥാന സമിതി - 25 ലക്ഷം
കേരള അർബൻ റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കമ്പനി - 25 ലക്ഷം, കെജിഎംഒഎ ആദ്യ ഗഡു - 25 ലക്ഷം, കെഎഎൽഎസ് ബ്രൂവറീസ്, ചാലക്കുടി - 25 ലക്ഷം, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ - 20 ലക്ഷം, കാടാമ്പുഴ ഭഗവതി ദേവസ്വം - 20 ലക്ഷം