കൊച്ചിയിലെ അവസാന പരദേശി ജൂത വനിത ക്വീനി ഓർമയായി
Mail This Article
മട്ടാഞ്ചേരി ∙ കൊച്ചിയിലെ അവസാന പരദേശി ജൂത വനിത ക്വീനി ഹലേഗ്വ (89) ഓർമയായി. പരേതനായ സാമുവൽ എച്ച്. ഹലേഗ്വയുടെ പത്നിയും പരേതനായ വ്യാപാര പ്രമുഖൻ എസ്.എസ്. കോഡറുടെ മകളുമായിരുന്ന ക്വീനി ഹലേഗ്വ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. കൊച്ചിയെയും കൊച്ചിക്കാരെയും മക്കളെക്കാളുപരി സ്നേഹിച്ച ക്വീനിയുടെ ഭൗതിക ശരീരം ജ്യൂ സ്ട്രീറ്റിലെ ജൂത സെമിത്തേരിയിൽ ഭർത്താവിന്റെ കബറിടത്തിനരികെ സംസ്കരിച്ചു. 2012 മുതൽ 2018 വരെ സിനഗോഗ് വാർഡനായിരുന്നു ക്വീനി. മാനേജിങ് ട്രസ്റ്റിയുമായിരുന്നു.
വനിതയായി ക്വീനിയും പുരുഷനായി ബന്ധു കീത്തും മാത്രമായിരുന്നു മട്ടാഞ്ചേരിയിൽ ജൂത സമൂഹത്തിലുണ്ടായിരുന്നത്. ഇനി കീത്ത് ഹലേഗ്വ മാത്രം. ചേർത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമയുമായിരുന്നു അവർ. എസ്. കോഡറുടെ മകൾ എന്ന നിലയിൽ ബിസിനസ് രംഗത്തും ക്വീനി വ്യക്തിമുദ്ര പതിപ്പിച്ചു. കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം ആരംഭിച്ചതും ബോട്ട് സർവീസ് നടത്തിയതും എസ്. കോഡറിന്റെ നേതൃത്വത്തിലായിരുന്നു. അവശയായതോടെയാണ് സിനഗോഗിന്റെ നിയന്ത്രണം ട്രസ്റ്റിനു കൈമാറിയത്. ഫോർട്ട്കൊച്ചി സെന്റ് മേരീസ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഫോർട്ട്കൊച്ചിയിലെ കോഡർ ഹൗസിൽ ജനിച്ച ക്വീനി, സാമുവൽ ഹലേഗ്വയെ വിവാഹം കഴിച്ചതോടെയാണു മട്ടാഞ്ചേരി ജ്യൂ ടൗണിലേക്ക് എത്തിയത്. പിന്നീടു ജൂതത്തെരുവിലെ വീടായിരുന്നു അവരുടെ ലോകം. മക്കൾ വിദേശത്തേക്കു ക്ഷണിച്ചിട്ടും കൊച്ചി വിട്ടു പോകാൻ അവർ താൽപര്യപ്പെട്ടില്ല. വാഗ്ദത്ത ഭൂമിയായ ഇസ്രയേലിൽ പോയിട്ടുണ്ടെങ്കിലും മട്ടാഞ്ചേരിയുടെ മണ്ണിലേക്കു തന്നെ മടങ്ങണമെന്നതായിരുന്നു അവരുടെ ആഗ്രഹം. യുഎസിൽ താമസിക്കുന്ന മക്കൾ ഫിയോണയും ഡോ. ഡേവിഡും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മരുമക്കൾ: അലൻ, സിസ.