പാപ്പച്ചൻ വധം: പ്രതി സരിതയുടെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തു
Mail This Article
കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി സരിതയുടെ ലാപ്ടോപ്പും കൊലപാതക സമയത്ത് ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണ സംഘം കേസിലെ നിർണായക തെളിവായ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തത്.
ഈസ്റ്റ് എസ്എച്ച്ഒ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സരിതയെ തിരുവനന്തപുരത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 25ന് ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു സരിതയെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പലതവണ തിരുവനന്തപുരത്തെ വീട്ടിൽ വന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഒരു മണിക്കൂർ നീണ്ട തെളിവെടുപ്പിനു ശേഷം വൈകിട്ട് അഞ്ചോടെ തിരികെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇന്നു പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ സരിതയ്ക്കു പുറമേ ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ, നാലാം പ്രതി അനൂപ് എന്നിവരെയും കോടതിയിൽ ഹാജരാക്കും. ഇനിയും കൂടുതൽ കാലത്തേക്കു പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ നൽകാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസം കസ്റ്റഡി ദീർഘിപ്പിക്കാനായി പൊലീസ് സമർപ്പിച്ച അപേക്ഷയിലെ ഭൂരിപക്ഷം വിവരങ്ങളും ശേഖരിച്ചതായാണു സൂചന. സരിത, അനൂപ് എന്നിവർ പാപ്പച്ചനിൽ നിന്നു തട്ടിയെടുത്ത തുകയെത്ര, ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായ അനിമോൻ, മാഹിൻ എന്നിവർക്കു ലഭിച്ച തുകയെത്ര എന്നീ വിവരങ്ങളാണ് ഇനി പൊലീസിനു കണ്ടെത്താനുള്ളത്.
കൊലപാതക സമയത്ത് മാഹിൻ, അനൂപ് എന്നിവർ ഉപയോഗിച്ച വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.