വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 2 പ്രതികൾ അറസ്റ്റിൽ
Mail This Article
റാന്നി ∙ പച്ചക്കറിക്കടയിൽനിന്നു കാരറ്റ് എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. റാന്നി കരിങ്കുറ്റി പുറത്തേപറമ്പിൽ കാലായിൽ പ്രദീപ് (42), കരിങ്കുറ്റി കടമാൻകുളത്ത് വീട്ടിൽ രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. അങ്ങാടി എസ്ബിഐ ബാങ്കിന് എതിർവശത്ത് പച്ചക്കറിക്കട നടത്തുന്ന ചേത്തയ്ക്കൽ പൊടിപ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽകുമാറാണ് (52) കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: തമിഴ്നാട് അംബാസമുദ്രം സ്വദേശി മഹാലക്ഷ്മിയും ഭർത്താവും കടയിലെ ജീവനക്കാരാണ്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കടയിലെത്തിയ പ്രദീപ് കാരറ്റെടുത്തു കഴിച്ചു. കാരറ്റിനു വില കൂടുതലാണെന്നു ചൂണ്ടിക്കാട്ടി മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു.
കാൽ കിലോ കാരറ്റ് വാങ്ങിയെങ്കിലും പ്രദീപ് പണം കൊടുത്തില്ല. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. കടയിൽ നിന്നു പോയ പ്രദീപും രവീന്ദ്രനും രാത്രി 10.30ന് വടിവാളുമായി തിരികെയെത്തുകയും പ്രദീപ് മഹാലക്ഷ്മിയെ വെട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയുന്നതിനിടെ അനിൽകുമാറിനു വെട്ടേൽക്കുകയായിരുന്നു. പരുക്കേറ്റ മഹാലക്ഷ്മിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ പ്രദീപിനെയും കൊച്ചുമോനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പുഷ്പയാണ് അനിൽകുമാറിന്റെ ഭാര്യ. മക്കൾ: അഞ്ജന, അനൂപ്.
ഇതിനിടെ സംഭവത്തിൽ പ്രതികളെ പൊലീസ് പിടിച്ചില്ലെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച 3 പേരെ അറസ്റ്റ് ചെയ്തു. റാന്നി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൽ.ടി.ലിജുവിനെയാണ് കയ്യേറ്റം ചെയ്തത്. റാന്നി മുണ്ടപ്പുഴ കാരുണ്യാലയത്തിൽ ശ്രീജിത്ത് (34), കാവിൽ വീട്ടിൽ അർജുൻ (20), പുതുശേരിയിൽ വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.