ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി പീഡിപ്പിക്കാൻ ശ്രമം; വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ഭാരവാഹിക്കെതിരെ പരാതി
Mail This Article
കൊച്ചി ∙ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഭാരവാഹി പീഡിപ്പിക്കാൻ ശ്രമിച്ചതായി യൂണിയൻ സംസ്ഥാന കമ്മിറ്റിയിലെ വനിതാ അംഗം സിപിഎം സംസ്ഥാന കമ്മിറ്റിക്കും യൂണിയനും പരാതി നൽകി. 2 വർഷം മുൻപു നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി അന്ന് പാർട്ടി നേതൃത്വവും യൂണിയൻ നേതൃത്വവും പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്.
തിരുവനന്തപുരത്തു സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വീട്ടിലേക്കു മടങ്ങിപ്പോകാൻ ബസ് കാത്തു നിന്ന വനിതയെ കോട്ടയം സ്വദേശിയായ യൂണിയൻ സംസ്ഥാന ഭാരവാഹി കോട്ടയത്ത് എത്തിക്കാമെന്നു പറഞ്ഞ് കൂടെക്കൂട്ടി.
കാറിലുണ്ടായിരുന്നവർ ഇറങ്ങിയ ശേഷം കാറിന്റെ മുൻ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരി അതിനു തയാറായില്ല. കോട്ടയം ബസ് സ്റ്റാൻഡിൽ ഇറക്കാതെ, ആളൊഴിഞ്ഞ സ്ഥലത്തു കാർ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതിയിൽ പറയുന്നത്. 2 വർഷം മുൻപു നൽകിയ പരാതിയിൽ നടപടിയില്ലാതായതോടെ കഴിഞ്ഞ ജൂലൈയിൽ ആലുവയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. പീഡന ശ്രമം നടത്തിയെന്ന് ആരോപണമുയർന്നയാളെ വീണ്ടും സംസ്ഥാന ഭാരവാഹിയാക്കിയതോടെ പരാതി വീണ്ടും ചർച്ചയാവുകയാണ്