സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ഗുരുതര ആരോപണങ്ങൾ: ഉന്നതനെതിരെയുള്ള പരാതി പൂഴ്ത്തി സഹകരണ വകുപ്പ്

Mail This Article
കോഴിക്കോട് ∙ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നിരന്തര അഴിമതി ആരോപണം ഉയർന്നിട്ടും അന്വേഷണം നടത്താതെ സഹകരണ വകുപ്പ്. വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും മുഖ്യമന്ത്രിക്കും അടക്കം കോപ്പി വച്ചു തെളിവു സഹിതം നൽകിയ പരാതിയിൽ മാസങ്ങൾ പിന്നിട്ടിട്ടും സഹകരണ വകുപ്പ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ല. അന്വേഷണം നടത്താനുള്ള നീക്കത്തെ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ അട്ടിമറിച്ചതായാണു വിവരം.
സഹകരണ റജിസ്ട്രാർ ഓഫിസിൽ ഉയർന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥനെതിരെയാണു പരാതി ഉയർന്നിരിക്കുന്നത്. എറണാകുളത്തെ ഒരു സംഘത്തിൽ നിന്ന് ഇയാളും സംഘം പ്രസിഡന്റും ചേർന്നു 75 കോടി രൂപ തട്ടിയെന്നും ഇതേ തുടർന്നു നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചു കൊടുക്കാൻ കഴിയാത്ത വിധത്തിൽ സംഘം പ്രതിസന്ധിയിലായെന്നും അടക്കമുള്ള അതീവ ഗുരുതര ആരോപണങ്ങളാണു പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പിൻവാതിൽ നിയമനത്തിനെതിരെ കോടതിയിലുള്ള കേസ് തോൽക്കാൻ ഒത്തുകളിച്ചെന്നും ഇതിനായി 10 ലക്ഷം രൂപ കൈപ്പറ്റിയെന്നു തെളിയിക്കുന്ന സംഭാഷണം അടങ്ങിയ പെൻഡ്രൈവും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.
അനധികൃതമായി തസ്തികയുണ്ടാക്കി ഭാര്യയുടെ സഹോദരിക്കു നിയമനം നൽകി, വിവിധ സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കുകയും ഭീഷണിപ്പെടുത്തി സംഘങ്ങളിൽ നിന്നു വൻ തുക കൈപ്പറ്റി, സഹകരണ വകുപ്പ് നടത്തിയ ‘സഹകരണ എക്സ്പോ’ പ്രദർശനത്തിനായി അനധികൃതമായ പണപ്പിരിവ് നടത്തി. അനധികൃത പണപ്പിരിവിനു കൂട്ടു നിൽക്കാത്ത സംഘങ്ങളുടെ ഫയലുകളിൽ നടപടിയെടുക്കാതെ പീഡിപ്പിക്കുന്നത് അടക്കം അതീവ ഗുരുതരമായ കാര്യങ്ങളാണ് ഉന്നതനെതിരെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ഇയാൾക്കെതിരെ ആദ്യ പരാതി സഹകരണ വകുപ്പിനു ലഭിച്ചത്. പിന്നീട് കഴിഞ്ഞ മാസം വീണ്ടും പരാതി ലഭിച്ചിട്ടും ഇതുവരെ പ്രാഥമിക അന്വേഷണം പോലും വകുപ്പ് നടത്തിയിട്ടില്ല. സംഭവത്തിൽ ആദ്യം അന്വേഷണത്തിന് നീക്കമുണ്ടായെങ്കിലും പിന്നീട് അന്വേഷണം വേണ്ടെന്ന നിലപാടിൽ വകുപ്പിൽ തന്നെ ഒതുക്കി തീർത്തതായും വിവരമുണ്ട്. സഹകരണ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ഇയാളുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണത്തിനു തടയിട്ടതെന്നാണു വിവരം. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അടക്കം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും വിജിലൻസിനും അടക്കം പരാതി പോയിട്ടുണ്ട്.