അൻവറിന്റെ പരാതി: സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആർ.അജിത് കുമാറിനുമെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം പരിശോധിക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ച ചെയ്യാനാണ് സാധ്യത. സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ശശിക്കെതിരെയുള്ള പരാതിയിലെ തുടർനടപടി പാർട്ടിയാകെ ഉറ്റുനോക്കുന്നതാണ്.
-
Also Read
സിപിഎം കമ്മിറ്റികളിൽ വേണം 30% വനിതകൾ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നൽകിയ അതേ പരാതി ഇന്നലെ രാവിലെ നേരിട്ടെത്തിയാണ് അൻവർ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു കൈമാറിയത്. സെക്രട്ടറി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്ന് തുടർന്ന് അൻവർ അവകാശപ്പെട്ടു. അജിത്കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗുരുതര ക്രമക്കേടുകൾക്ക് പി.ശശിയുടെ പിന്തുണ ഉണ്ടെന്ന ആക്ഷേപമാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. ശശിക്ക് കുറ്റകൃത്യങ്ങളിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
അൻവറിന്റെ ആക്ഷേപങ്ങൾ ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കുന്ന തരത്തിൽ പരസ്യമായി ആരോപണം ഉന്നയിച്ചതിനോട് ചില നേതാക്കൾക്കു വിയോജിപ്പുണ്ട്. ശശിക്കെതിരെ ഉള്ളതടക്കം എല്ലാ പരാതികളും അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാൽ നടപടി വരുമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പ്രതികരിച്ചു.
പാർട്ടി ഇടപെടൽ ഉറപ്പാക്കും
ശശിയെയും അജിത് കുമാറിനെയും മുഖ്യമന്ത്രി സംരക്ഷിക്കുമ്പോൾ പാർട്ടി ഇടപെടൽ ഉറപ്പാക്കിയാണ് അൻവറിന്റെ നീക്കം. ശശിയോട് എതിർപ്പുള്ള ഒരു വിഭാഗത്തിന്റെ പിന്തുണ ഇതിനുണ്ടെന്നാണ് കരുതുന്നത്.
∙ പുലിയായി വന്ന അൻവർ മുഖ്യമന്ത്രിയെ കണ്ട ശേഷം എലിയായിപ്പോയെന്ന് ആക്ഷേപമുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അൻവറിന്റെ മറുപടി ഇങ്ങനെ: എലി അത്ര മോശപ്പെട്ട സാധനമല്ല, വീട്ടിൽ ഒരു എലിയുണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടുണ്ടാകും?
∙ മുഖ്യമന്ത്രിയോടാണോ പാർട്ടിയോടാണോ വിധേയത്വമെന്ന ചോദ്യത്തിന് മറുപടി: അദ്ദേഹം വീട്ടിൽ നിന്നു വന്ന് മുഖ്യമന്ത്രിയായതല്ലല്ലോ, പാർട്ടിയല്ലേ ആക്കിയത്. അപ്പോൾ ആരോടാണ് വിധേയത്വം ഉണ്ടാകുക. മുഖ്യമന്ത്രിയോടുമുണ്ട്, പാർട്ടിയോടുമുണ്ട്.
∙ എഡിജിപി അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കീഴുദ്യോഗസ്ഥരുൾപ്പെട്ട സംഘം അന്വേഷിക്കുന്നതിനെക്കുറിച്ച്: സ്കൂൾ ഹെഡ്മാസ്റ്ററെക്കുറിച്ചുള്ള പരാതി കൂടെ പ്രവർത്തിക്കുന്ന അധ്യാപകരും പ്യൂണും അന്വേഷിച്ച് അദ്ദേഹത്തിനു തന്നെ റിപ്പോർട്ട് കൊടുക്കുന്ന പോലുള്ള നയം സർക്കാരും പാർട്ടിയും സ്വീകരിക്കുമോ? സർക്കാരിന് തീരുമാനമെടുക്കാൻ സമയം വേണ്ടിവരും. തിരക്കില്ല.