ബിജെപിയും പിണറായിയും ചങ്ങാത്തത്തിലെന്ന് യുഡിഎഫ്; പ്രതിപക്ഷ പ്രചാരണത്തിന് പുതിയ ആയുധം
Mail This Article
തിരുവനന്തപുരം ∙ വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി – ആർഎസ്എസ് ബന്ധമുയർത്തി സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനെതിരായ മുഖ്യ പ്രചാരണവിഷയങ്ങളിലൊന്നായി ഇതിനെ ഉയർത്തിക്കാട്ടുകയാണു ലക്ഷ്യം. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം എഡിജിപി എം.ആർ.അജിത്കുമാർ കണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങിയതും ഈ ലക്ഷ്യത്തോടെയാണ്.
തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്നു, ആർഎസ്എസ് നേതാവിനെ കണ്ടു എന്നീ ആരോപണങ്ങളാണ് അജിത്കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. അജിത്കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണെന്ന വാദമുയർത്തി, ബിജെപിയുമായി പിണറായി വിജയൻ ചങ്ങാത്തത്തിലാണെന്ന പ്രചാരണം ശക്തമാക്കും. തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപി ജയിച്ചതിന്റെ പൂർണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നു സ്ഥാപിക്കാനും ശ്രമിക്കും. ബിജെപിയുമായി സിപിഎമ്മിനെ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നതു വഴി ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിച്ചുനിർത്താമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.
തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ഏറ്റവും മൂർച്ചയേറിയ രാഷ്ട്രീയായുധമായാണ് ആർഎസ്എസ്– ബിജെപി ബന്ധത്തെ പ്രതിപക്ഷം കാണുന്നത്. ഇ.പി.ജയരാജന്റെ ബിജെപി ബന്ധം ചർച്ചയായതിനു പിന്നാലെയാണു മുഖ്യമന്ത്രിയെ ആർഎസ്എസുമായി ബന്ധിപ്പിക്കുന്ന ആരോപണം സതീശൻ ഉന്നയിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്നു തലയൂരാൻ ബിജെപിയുമായി മുഖ്യമന്ത്രി രഹസ്യബന്ധം സൂക്ഷിക്കുന്നുവെന്ന പ്രചാരണം ചർച്ചാവിഷയമാക്കും.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ ഇ.പി.ജയരാജൻ കണ്ടത് പിണറായിക്കു വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാക്കും. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനല്ല, മറിച്ച് ദല്ലാൾ നന്ദകുമാറുമായി ചർച്ച നടത്തിയതിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജയരാജനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നാണു കോൺഗ്രസിന്റെ വാദം. ജാവഡേക്കറെ താനും കണ്ടിട്ടുണ്ടെന്നു പറഞ്ഞതിലൂടെ, അദ്ദേഹവുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ പിണറായി ന്യായീകരിച്ചുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അൻവറിന്റെ മൊഴിയെടുക്കും
പി.വി.അൻവറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാകും മൊഴിയെടുക്കുക. അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ ഉന്നത പൊലീസ് സംഘം ഇന്നലെ ആദ്യ യോഗം ചേർന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത്തിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിലുള്ള അന്വേഷണത്തിനു തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് നേതൃത്വം നൽകും.