സിപിഎം തിരുനല്ലൂർ ബ്രാഞ്ച് കമ്മിറ്റിയിൽ കൂട്ടരാജി
Mail This Article
തൃശൂർ ∙ ബ്രാഞ്ച് സമ്മേളനത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കേ മുല്ലശേരിയിലെ സിപിഎം തിരുനല്ലൂർ ബ്രാഞ്ച് കമ്മിറ്റിയിൽ കൂട്ടരാജി. മുൻ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ യു.എസ്. പ്രസിൻ, അംഗങ്ങളായ ബിജു, രാജു വടക്കൻ, ജബ്ബാർ, കരീം, വിജയലക്ഷ്മി തുടങ്ങിയവരാണു രാജിവച്ചത്. വാലിപ്പടി ബ്രാഞ്ചിലും അംഗങ്ങൾ രാജിവച്ചിട്ടുണ്ട്. പെരിങ്ങാട് പുഴയെ സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചാണു രാജി.
-
Also Read
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ
ഇതേ വിഷയത്തിൽ സിപിഐയുടെ കൂരിക്കാട് ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും രാജിവയ്ക്കുകയും ബ്രാഞ്ച് കമ്മിറ്റി ഇല്ലാതാകുകയും ചെയ്തിരുന്നു. തിരുനല്ലൂർ അടക്കം മുല്ലശേരി മേഖലയിലെ ബ്രാഞ്ചുകളിൽ രണ്ടാഴ്ചയ്ക്കു ശേഷം സമ്മേളനം ആരംഭിക്കാനിരിക്കെയാണു പാർട്ടിക്ക് ഞെട്ടലായി രാജി പ്രഖ്യാപനമുണ്ടായത്.
പെരിങ്ങാട് പുഴയെ സംരക്ഷിത പരിസ്ഥിതി മേഖലയാക്കി പ്രഖ്യാപിച്ചാൽ നൂറുകണക്കിനു കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണു പ്രദേശവാസികൾ. ഇതോടെ പ്രദേശത്തു നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥ സംഭവിക്കുകയും ചെയ്യും. സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള തീരുമാനം പിൻവലിക്കുന്നതു വരെ പ്രവർത്തകരും അനുഭാവികളുമടക്കം നൂറോളം പേർ പാർട്ടി പരിപാടികളിൽ നിന്നു വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ചു സിപിഐ ബ്രാഞ്ച് കമ്മിറ്റികൾ നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു. വിജ്ഞാപനം പുനഃപരിശോധിക്കാമെന്നു മന്ത്രി ഉറപ്പു കൊടുക്കുകയും ചെയ്തു. എന്നാൽ, തീരുമാനം പിൻവലിച്ചിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ കൂട്ടരാജിയുണ്ടായതു പാർട്ടിക്കു തലവേദനയായിട്ടുണ്ട്.