അവയവമാറ്റം: സർക്കാർ ഉപദേശക സമിതിയായി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് അവയവമാറ്റ നടപടികൾ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശകസമിതി രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 2 വർഷമാണു കാലാവധി. ആരോഗ്യഅഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ ആരോഗ്യ ഡയറക്ടറാണ് മെംബർ സെക്രട്ടറി. കോട്ടയം മെഡിക്കൽ കോളജ് പ്രഫസറും കാർഡിയോ വാസ്കുലാർ വിഭാഗം മേധാവിയുമായ ഡോ.ടി.കെ.ജയകുമാർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്ലിനിക്കൽ പ്രഫസറും ചീഫ് ട്രാൻസ്പ്ലാന്റ് സർജനുമായ എസ്.സുധീന്ദ്രൻ എന്നിവരാണു സമിതിയിലെ മെഡിക്കൽ വിദഗ്ധർ.
സാമൂഹികപ്രവർത്തകരായി പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.വി.രാമൻകുട്ടി,ഡോ.ഖദീജ മുംതാസ്, നിയമവിദഗ്ധനായി റിട്ട. ജില്ലാ ജഡ്ജ് എം.രാജേന്ദ്രൻ നായർ, മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഒഫ്താൽമോളജിമുൻ പ്രഫസർ ഡോ.വി.സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ സെക്രട്ടറി എം.കെ.മനോജ് കുമാർ എന്നിവരെയാണു നിയമിച്ചള്ളത്.