ADVERTISEMENT

മറയൂർ ∙ ഇന്നലെ പുലർച്ചെ കാന്തല്ലൂരിലെ റിസോർട്ട് പരിസരത്തിറങ്ങിയ കാട്ടാനയെ ഓടിക്കാനായി വനംവകുപ്പിനെ വിളിച്ചപ്പോൾ വാഹനത്തിൽ ഡീസലിലെന്നു മറുപടി. 2 മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ സിപിഎം പ്രാദേശിക നേതാവും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു.

ഇന്നലെ പുലർച്ചെയാണ് കാന്തല്ലൂരിലെ റിസോർട്ടിൽ ഒറ്റയാൻ എത്തിയത്. രാവിലെ 5.45നു പാലു വാങ്ങാൻ പോയ റിസോർട്ട് ജീവനക്കാരനായ മറയൂർ സ്വദേശി രമേശിനെ (59) ഒറ്റയാൻ പിന്തുടർന്നു. പേടിച്ചോടി അടുത്തുള്ള കെട്ടിടത്തിലേക്കു മാറി രക്ഷപ്പെട്ട രമേശ് തളർന്നുവീണു. ഇതോടെയാണ് റിസോർട്ട് നടത്തിപ്പുകാരനായ പ്രതീഷ് (52) പയസ്നഗറിലെ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചത്.

ജീവനക്കാർ എത്തണമെങ്കിൽ വാഹനത്തിൽ ഡീസൽ വേണമെന്നും സർക്കാർ അതിനുള്ള തുക അനുവദിച്ചിട്ടില്ലെന്നും വനംവകുപ്പ് അധികൃതർ പ്രതീഷിന് മറുപടി നൽകി. തുടർന്ന് ഇരുവരും ഫോണിലൂടെ വാക്കുതർക്കമായി. മണിക്കൂറുകൾക്ക് ശേഷം വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ സിപിഎം മറയൂർ ഏരിയ സെക്രട്ടറി എ.എസ്.ശ്രീനിവാസനും പ്രവർത്തകരും നാട്ടുകാരും തടിച്ചുകൂടി. കാട്ടാനകളെ ഓടിക്കാതെ ഉദ്യോഗസ്ഥരെ വിടില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.രാഘുലാൽ സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറയൂർ പൊലീസെത്തിയ ശേഷമാണ് വനംവകുപ്പ് ജീവനക്കാർക്ക് പോകാനായത്.

English Summary:

Man-Animal Conflict Escalates in Kerala: Elephant Intrusion Sparks Protest in Kanthalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com