'മനസ്സുണ്ടോ, അമേരിക്കയിൽ വളരാൻ മണ്ണുണ്ട്': യുഎസിലെ കൗണ്ടി ജഡ്ജ് കെ.പി.ജോർജ് സംസാരിക്കുന്നു
Mail This Article
കോട്ടയം ∙ വിദ്യാഭ്യാസവും കഠിനാധ്വാനത്തിനുള്ള മനസ്സുമുണ്ടെങ്കിൽ യുഎസിൽ, പ്രത്യേകിച്ച് ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മലയാളികൾക്ക് ഇനിയും വിപുലമായ സാധ്യതകളുണ്ടെന്നു കൗണ്ടി ജഡ്ജ് കെ.പി.ജോർജ്.
ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ഭരണം നിർവഹിക്കുന്ന അഞ്ചംഗ സമിതിയിൽ ഏറ്റവുമധികം വോട്ടുനേടി വിജയിച്ച കെ.പി.ജോർജ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു. പത്തനംതിട്ട കൊക്കാത്തോട് സ്വദേശി. രണ്ടാംതവണയാണ് അദ്ദേഹം കൗണ്ടി ജഡ്ജായി തിരഞ്ഞെടുക്കപ്പെടുന്നത്.
വേഗത്തിൽ വളരുന്ന രണ്ടാമത്തെ കൗണ്ടി എന്ന സ്ഥാനത്തിനു പുറമേ സാമ്പത്തികശേഷിയിൽ 2–ാം സ്ഥാനവും ഫോർട്ട് ബെൻഡിനുണ്ട്. 10 ലക്ഷം ജനസംഖ്യയുള്ള ഇവിടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും പൊലീസിലും മലയാളികൾക്ക് ഏറെ അവസരങ്ങളുണ്ടെന്നു ജോർജ് പറയുന്നു. സംരംഭങ്ങൾ തുടങ്ങാനും വലിയ സാധ്യതകളുണ്ടെന്നു സാമ്പത്തിക ആസൂത്രകൻ കൂടിയായിരുന്ന ജോർജ് പറയുന്നു.
2018ൽ ആണു കൗണ്ടി ജഡ്ജായി ജോർജ് ആദ്യം ജയിച്ചത്. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കി രണ്ടാംവട്ടവും അധികാരത്തിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു 10 ലക്ഷത്തോളം ഡോളർ ചെലവായി. ധനസമാഹരണത്തിലൂടെ തിരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്തുന്ന രീതിയാണ് അവിടെ.
യുഎസിൽ എത്തുന്നവരോട് അദ്ദേഹത്തിനു പറയാനുള്ളത് ഇതാണ്: ‘ആദ്യ വർഷങ്ങളിലെ കഷ്ടപ്പാടുകൾ സഹിച്ചു പിടിച്ചുനിന്നാൽ വിജയംവരിച്ചു മുന്നേറാം. കോവിഡിനു ശേഷം വലിയ തോതിലാണു യുഎസ് സർക്കാർ കൗണ്ടികളിലേക്കു പണം നിക്ഷേപിച്ചത്. വിവിധ മേഖലകളിൽ വികസനം നടക്കുന്നതു കൊണ്ടാണു തൊഴിലവസരങ്ങൾ ഏറെ ഉണ്ടാകുന്നത്.’
ആരാണ് കൗണ്ടി ജഡ്ജ്?
കൗണ്ടികൾ ചെറിയ പ്രവിശ്യകൾക്കു തുല്യമാണ്. ടെക്സസിൽ മാത്രം 254 കൗണ്ടികൾ ഉണ്ട്. കൗണ്ടി ജഡ്ജും കോർട്ട് ജഡ്ജും (കോടതി ജഡ്ജി) ഉണ്ട്. ഓരോ കൗണ്ടിയിലെയും ഭരണസമിതിയുടെ തലവനാണു കൗണ്ടി ജഡ്ജ് എന്നറിയപ്പെടുന്നത്. 2 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള കൗണ്ടികളിൽ കൗണ്ടി ജഡ്ജ് ജുഡീഷ്യൽ അധികാരവും ഉപയോഗിക്കണം. അതിനാലാണു ജഡ്ജ് പ്രയോഗം.