എയിംസ് പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകി: മന്ത്രി

Mail This Article
ന്യൂഡൽഹി ∙ ആയുഷ് ബ്ലോക്ക് ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയ എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവാണ് ഇക്കാര്യത്തിൽ മുൻഗണന ലഭിക്കാത്തതിനു കാരണമെന്നു കേന്ദ്രം വ്യക്തമാക്കിയതെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സമഗ്ര ഗവേഷണത്തിന് സഹായകരമാകും. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്തിരുന്നു. ഇത്തവണയെങ്കിലും കേരളത്തിന് എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-24 ലെ കേന്ദ്ര വിഹിതം ലഭ്യമാക്കണം, ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം, ആശാ വർക്കർമാരുടെ വേതന വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചതായും വീണ പറഞ്ഞു.