ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിനൊപ്പം പ്രകൃതി ദുരന്തത്തിലകപ്പെട്ട മറ്റു സംസ്ഥാനങ്ങൾക്ക് സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് കേന്ദ്രത്തിനുള്ള നിവേദനത്തിൽ ഉൾപ്പെടുത്തിയത്. 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിച്ചില്ല.

പുനരധിവാസത്തിനായി ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണു ചെയ്തത്. വിശദമായ നിവേദനം വേണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. മുൻകാലങ്ങളിലെ ദുരന്ത സന്ദർഭങ്ങളിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിന്റെ മാതൃകയാണു പിന്തുടർന്നത്.

വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും അർഹതപ്പെട്ട കേന്ദ്രസഹായം ഇല്ലാതാക്കാനും നടത്തുന്ന പ്രചാരണങ്ങൾക്ക് എതിരെ 24ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഈ മുദ്രാവാക്യം ഉയർത്തി നാളെ മുതൽ 23 വരെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. വയനാട് പുനരധിവാസത്തിന് തുരങ്കംവയ്ക്കുന്ന വിധത്തിലാണ് പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും പ്രചാരണം നടത്തുന്നതെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്

കോഴിക്കോട് ∙ വയനാട്‌ പുനരധിവാസം അട്ടിമറിക്കാനും അർഹമായ കേന്ദ്ര സഹായം ഇല്ലാതാക്കാനും മാധ്യമങ്ങളുടെ നേതൃത്വത്തിൽ കള്ള പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ ഇന്നു ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും. 20നു തിരുവനന്തപുരത്ത് സെമിനാറും നടത്തും. ഡിവൈഎഫ്ഐയുടെ സന്നദ്ധ പ്രവർത്തകർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യു ട്യൂബർമാർക്കെതിരെ നിയമനടപടി എടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ.സനോജ് എന്നിവർ പറഞ്ഞു.

English Summary:

No central aid even after fifty days of Wayanad landslide says CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com