പിഎസ്‍സി കോഴ: പൊലീസിന് തലവേദന ‘കണ്ണൂർ കണക്ഷൻ’

Mail This Article
കോഴിക്കോട് ∙ സിപിഎം നേതാക്കൾ ഉൾപ്പെട്ട പിഎസ്‍സി കോഴ ആരോപണത്തിൽ കണ്ണൂർ സ്വദേശിക്കാണു പണം നൽകിയതെന്നു പരാതിക്കാരന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ വെട്ടിലായത് പൊലീസ്. തെളിവില്ലെന്നു പറഞ്ഞു നേരത്തേ ധൃതിപ്പെട്ട് അന്വേഷണം അവസാനിപ്പിച്ച കേസിലാണു പരാതിക്കാരന്റെ തന്നെ ശബ്ദസന്ദേശം പുറത്തു വന്നിരിക്കുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തേണ്ടി വരും.
അതേസമയം, പുതിയ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ, ‘ആര്, ആർക്കു പണം നൽകി’ എന്നു കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകുമെന്ന് ആരോപണത്തെ തുടർന്നു പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി പറഞ്ഞു.
പിഎസ്‍സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം ഉയർന്നതോടെ വിഷയം നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണർക്കു യൂത്ത് കോൺഗ്രസ് നേതാവ് വൈശാൽ കല്ലാട്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. പരാതിക്കാരനെയും ഭാര്യയെയും കമ്മിഷണർ ഓഫിസിൽ വിളിപ്പിച്ചു മൊഴിയെടുത്തെങ്കിലും പണമിടപാടിനു തെളിവൊന്നുമില്ലാത്തതിനാൽ തിരക്കിട്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പിഎസ്‍സി നിയമനവുമായി ബന്ധപ്പെട്ടു കണ്ണൂർ സ്വദേശിക്കു പണം നൽകിയെന്നു പരാതിക്കാരൻ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
തന്റെ ജീവനു ഭീഷണിയുള്ളതിനാൽ പലതും പുറത്തു പറയാൻ കഴിയില്ലെന്നും പരാതിക്കാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. ഇത്രയും ഗുരുതരമായ ആരോപണം കൂടി പുറത്തു വന്നതോടെ അതും പൊലീസ് അന്വേഷിക്കേണ്ടി വരും.
അതേ സമയം, തന്നെ നേരത്തേ വിളിച്ചു മൊഴിയെടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തു നിന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നു വൈശാൽ കല്ലാട്ടിൽ പറഞ്ഞു.
കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ തെളിവുകൾ പൊലീസിനു കൈമാറുന്ന കാര്യം പാർട്ടിയുമായി ആലോചിക്കുമെന്നും വൈശാൽ അറിയിച്ചു.