ലക്ഷങ്ങൾ മുടക്കി അകത്ത് പിആർ; മുഖം മിനുക്കാൻ ‘പുറം പിആർ’
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ സ്വന്തം ‘പബ്ലിക് റിലേഷൻസ്’ ജോലികൾക്കായി മാത്രം സർക്കാർ ഖജനാവിൽനിന്നു മാസം 12 ലക്ഷത്തോളം രൂപ ശമ്പളത്തിനായി ചെലവിടുമ്പോഴാണു വൻതുക പ്രതിഫലം പറ്റുന്ന ‘പാൻ ഇന്ത്യൻ’ പിആർ ഏജൻസികളുടെ സേവനം മുഖ്യമന്ത്രി തേടുന്നത്. സംസ്ഥാനത്തെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്കു സ്വന്തം വകുപ്പിനെ വിശ്വാസമില്ലേയെന്ന ചോദ്യവുമുണ്ട്. സ്വകാര്യ പിആർ ഏജൻസികൾക്കു നൽകുന്ന പണം ഏത് അക്കൗണ്ടിൽനിന്ന് എന്നതിലും വ്യക്തതയില്ല.
മാധ്യമങ്ങളുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉള്ളത് 2 പേരാണ്. സമൂഹമാധ്യമ ഇടപെടലിന് 12 അംഗങ്ങളുള്ള സോഷ്യൽ മീഡിയ ടീം വേറെയുണ്ട്. പിആർഡിയിൽ നിന്നുള്ള ഒരു ഡപ്യൂട്ടി ഡയറക്ടറും ജില്ലാ ഇൻഫർമേഷൻ ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫിസിനു വേണ്ടി മാത്രമായി പ്രവർത്തിക്കുന്നു. സെക്രട്ടേറിയറ്റിലെ പിആർഡി വിഭാഗത്തിന്റെ മുഴുവൻസമയ സേവനവുമുണ്ട്.
മുഖ്യമന്ത്രിയുടെ വകുപ്പുകൾ ഉൾപ്പെടെ ഏതാണ്ടെല്ലാ വകുപ്പുകൾക്കും കീഴിലെ സ്ഥാപനങ്ങൾ സ്വകാര്യ പിആർ ഏജൻസികളുമായി കരാറിലാണ്. മുൻ സർക്കാരുകളുടെ കാലത്ത് ടൂറിസം, വ്യവസായ വകുപ്പുകളിൽ മാത്രമായിരുന്നു സ്വകാര്യ പിആർ സേവനങ്ങൾ. ഇപ്പോൾ രണ്ടോ മൂന്നോ ഏജൻസികളുടെ കുത്തകയാണ്.