അൻവറിന്റെ പരാതി: ഒരു മാസ കാലാവധി നാളെ തീരും; റിപ്പോർട്ട് വൈകില്ല
Mail This Article
തിരുവനന്തപുരം ∙ പി.വി.അൻവർ ഉന്നയിച്ച പരാതിയിൽ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപി ഇൗയാഴ്ച കൈമാറിയേക്കും. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. നാളെയാണ് ഒരു മാസം പൂർത്തിയാകുന്നത്. ഇന്നലെ കോഴിക്കോട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലും അന്വേഷണ റിപ്പോർട്ട് വന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നത് ആവർത്തിച്ചു.
തൃശൂർ പൂരം അലങ്കോലമായതു സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട്, ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ കൈവശമുണ്ട്. ഇതിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിച്ച് അതു കഴിയുന്നതുവരെ അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നുമാറ്റണമെന്ന ആവശ്യം പരിഗണിക്കുമോയെന്ന ആകാംക്ഷയിലാണ് സിപിഐ.
അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായി ആരോപണമല്ലാതെ ഹർജിക്കാരൻ തെളിവൊന്നും ഹാജരാക്കിയില്ലെന്നും അതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് 2 മാസം കഴിഞ്ഞു പരിഗണിക്കുമെന്നു കോടതി അറിയിച്ചു. അഡ്വ.പി.നാഗരാജാണു ഹർജിക്കാരൻ.
റിപ്പോർട്ട് തേടും: ഗവർണർ
പാലക്കാട് ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയോടു റിപ്പോർട്ട് ആവശ്യപ്പെടുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരാണു സ്വർണം കടത്തുന്നതെന്നും അതുവഴി ലഭിക്കുന്ന പണം എങ്ങോട്ടാണു പോകുന്നതെന്നും അപ്പോൾ സർക്കാരിനു വ്യക്തമായി അറിയാം. അതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു.