കുടിശിക 100 കോടി കടന്നു; 108 ആംബുലൻസുകളിലെ ശമ്പളം പ്രതിസന്ധിയിൽ

Mail This Article
കോഴിക്കോട് ∙ സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 100 കോടി പിന്നിട്ടതോടെ 108 ആംബുലൻസുകളിലെ ജീവനക്കാരുടെ ശമ്പളം പ്രതിസന്ധിയിൽ. ഇതോടെ ആംബുലൻസ് സേവനം മുടങ്ങുമെന്നും ആശങ്ക. സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണു പദ്ധതിയുടെ നടത്തിപ്പ് കരാർ. സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും ചേർത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷനു കൈമാറി അവരാണ് ഏജൻസിക്കു പണം കൈമാറുന്നത്.
2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്കു നൽകാനുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ ജീവനക്കാർക്കു ശമ്പളം വൈകുകയാണ്. പല തവണ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തിയിരുന്നു. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്നു ജീവനക്കാർ പറയുന്നു.