കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം റിപ്പോർട്ട്; വിദ്യാഭ്യാസം, ആരോഗ്യം: കേരളം മുൻപിൽ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ ഗ്രാമീണ മേഖലയിൽ 6നും 18നും ഇടയിൽ പ്രായമുള്ളവരിൽ ഔപചാരിക വിദ്യാഭ്യാസം നേടാത്തവർ 0.1 ശതമാനം മാത്രമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്. ഇതിൽ പകുതിയേലേറെപേർക്കും ശാരീരിക പരിമിതികൾ കാരണമാണ് പഠനം സാധ്യമാകാത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠിക്കാൻ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, ഗ്രാമങ്ങളിൽ 100% പെൺകുട്ടികളും സ്കൂൾ, കോളജ് വിദ്യാഭ്യാസം നേടുന്നവരാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ മാതാപിതാക്കളും മക്കളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ ബിരുദം നേടിയ വനിതകളുടെ കാര്യത്തിലും കേരളത്തിന്റെ സ്ഥിതി മെച്ചമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് 54.4% വീടുകളിലും ശുദ്ധജല സ്രോതസ്സുകളുണ്ട്. 99.2% വീടുകളിലും ശുചിമുറികളുമുണ്ട്. സർവേയിൽ കേരളത്തെ പരാമർശിക്കുന്ന മറ്റു വിവരങ്ങൾ താഴെപ്പറയുന്നവയാണ്.
ചികിത്സ
ആശുപത്രികളിലെ ചികിത്സാ ചെലവിനായി രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഒരാൾ വർഷം ശരാശരി 4,129 രൂപ ചെലവാക്കുമ്പോൾ കേരളത്തിൽ ഒരാൾക്ക് ശരാശരി 2,991 രൂപയും ഒരു വീട്ടിൽ 10,929 രൂപയും ചെലവാകുന്നു. മരുന്നുകൾ ഉൾപ്പെടെ ആശുപത്രിയിതര ചികിത്സയ്ക്കായി കേരളത്തിൽ ഒരു വീട്ടിൽ ശരാശരി 1,193 രൂപയും ഒരാൾക്ക് 326 രൂപയുമാണ് ചെലവാകുന്നത്.
ബാങ്ക് അക്കൗണ്ട്
ഗ്രാമീണ മേഖലയിൽ 18 വയസ്സിനു മുകളിലുള്ള 95.7% പുരുഷൻമാർക്കും 94.4% സ്ത്രീകൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്.
കടം
ലക്ഷം പേരിൽ 33,859 പേരും സാമ്പത്തിക ബാധ്യത ഉള്ളവരാണ്.
പാചകം
72.4 % വീടുകളിലും ഗ്യാസ്/ഇലക്ട്രിക് പാചക സംവിധാനങ്ങളുണ്ട്.
മൊബൈൽ, ഇന്റർനെറ്റ്
15 വയസ്സിനു മുകളിലുള്ള 93% ആളുകളും സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഗ്രാമീണ മേഖലയിൽ 90.3 % വനിതകൾക്കും മൊബൈൽ ഫോൺ ഉണ്ട്. 71% പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നു. 66.8 % ഇമെയിൽ ഉപയോഗിക്കുന്നു. ഗ്രാമീണമേഖലയിലെ 78% പേരും വിവരശേഖരണത്തിനായി ഇന്റർനെറ്റിനെ ആശ്രയിക്കുന്നു. 57.7 % ആളുകളും ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നവരാണ്. ഗ്രാമീണ മേഖലയിലെ 99.3 % വീടുകളിലും മൊബൈൽ/ ലാൻഡ് ഫോണുകളുണ്ട്. 22 % വീടുകളിലും ഡെസ്ക്ടോപ്പോ ലാപ്ടോപ്പോ ഉണ്ട്.