ഫ്ലൈറ്റിലെത്തി മൊബൈൽ മോഷണം, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ബുക് ചെയ്തു മടക്കം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Mail This Article
കൊച്ചി∙ ബോൾഗാട്ടിയിൽ അലൻവോക്കർ സംഗീതനിശയ്ക്കിടെയുണ്ടായ കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. സംഗീതനിശകളുൾപ്പെടെ വൻ ജനക്കൂട്ടമുണ്ടാകുന്ന മെഗാ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് മൊബൈൽ ഫോൺ മോഷണം ലക്ഷ്യമിട്ട് എത്തുന്ന വിദഗ്ധ പോക്കറ്റടിക്കാരുടെ സംഘമാണ് അസ്‌ലമിന്റേത്. പത്തിൽ താഴെ അംഗങ്ങൾ മാത്രമാണു സംഘത്തിലുള്ളത്.
ബോൾഗാട്ടിയിലും ബെംഗളൂരുവിലും സംഗീതനിശയ്ക്കിടെ നടന്ന മൊബൈൽ മോഷണങ്ങളുടെ മോഡസ് ഓപ്പറാണ്ടി (കുറ്റകൃത്യത്തിന്റെ രീതി) അസ്‌ലം ഗ്യാങ്ങിന്റേതിനു സമാനമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തിൽ കൂട്ട മൊബൈൽ മോഷണം നടത്തിയതായി വിവരമുള്ള ഏക ഗ്യാങ്ങും അസ്‌ലമിന്റേതാണ്. വിശദമായ അന്വേഷണത്തിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ഡൽഹിയിലേക്കു പോയി.
ഫ്ലൈറ്റിൽ പറന്നെത്തി മോഷണം നടത്തി ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക് ചെയ്തു മടങ്ങുന്നതാണു സംഘത്തിന്റെ രീതി. വൻ തിരക്കുണ്ടാകാനിടയുള്ള പരിപാടികളുടെ വിവരങ്ങൾ ഓൺലൈൻ വാർത്തകളിൽ നിന്നും പരസ്യങ്ങളിൽനിന്നും കണ്ടെത്തിയ ശേഷം ഇതിനുള്ള വിഐപി ടിക്കറ്റുകൾ ഓൺലൈൻ സൈറ്റുകളിലൂടെ ബുക് ചെയ്യും. പരിപാടി പൂർത്തിയായാൽ മണിക്കൂറുകൾക്കുള്ളിൽ മോഷണ മുതലുമായി സ്ഥലം വിടുന്നതാണു രീതി.
മോഷ്ടാക്കളുടെ ചിത്രങ്ങളുൾപ്പെടെ അസ്‌ലം സംഘത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഡൽഹി പൊലീസിന്റെ പക്കലുണ്ട്. ഇതു സിറ്റി പൊലീസ് പരിശോധിക്കും. ബോൾഗാട്ടിയിൽ നടന്ന സംഗീതനിശയുടെ സിസിടിവി, വിഡിയോ ദൃശ്യങ്ങളിൽ അസ്‌ലം സംഘത്തിലെ അംഗങ്ങൾ പെട്ടിട്ടുണ്ടോ എന്ന പരിശോധനയും പുരോഗമിക്കുകയാണ്.
താൽപര്യം വൻ ആൾക്കൂട്ടത്തിൽ
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പു റാലികളിൽ നിന്നു മുതൽ 2017ൽ മുംബൈയിൽ നടന്ന ജസ്റ്റിൻ ബീബർ സംഗീതനിശയിൽ നിന്നു വരെ കൂട്ടത്തോടെ മൊബൈൽ ഫോണുകൾ പൊക്കിയ സംഘമാണ് അസ്‌ലമിന്റേത്. 2018 ജൂലൈയിൽ അസ്‌ലമും കൂട്ടാളികളും ഈസ്റ്റ് ഡൽഹി പൊലീസിന്റെ പിടിയിലായതോടെയാണു ഇവരെപ്പറ്റിയുള്ള വിവരങ്ങൾ പുറം ലോകമറിഞ്ഞത്.
അസ്‌ലമിന്റെ വലംകയ്യായ മുകേഷ് കുമാറും പൊലീസ് പിടിയിലായിരുന്നു. 2013നും 2018നും ഇടയിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിപാടികളിൽ നിന്ന് അസ്‌ലം സംഘം കവർന്നത് 50,000 ഫോണുകളാണെന്നു ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് അസ്‌ലമും സംഘവും പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം