കൃഷി പദ്ധതികൾ വിലയിരുത്താനുള്ള ഓഡിറ്റ് തുടക്കത്തിലേ പൊളിയുന്നു

Mail This Article
ആലപ്പുഴ∙ കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കു വിലയിരുത്താൻ സർക്കാർ ആരംഭിച്ച സോഷ്യൽ ഓഡിറ്റ് തുടക്കത്തിലേ പരാജയം.
ഏപ്രിലിൽ സമർപ്പിക്കേണ്ടിയിരുന്ന ഓഡിറ്റ് റിപ്പോർട്ട് നൽകിയത് 4 ജില്ലകൾ മാത്രമാണെന്നു കൃഷി വകുപ്പ് ഡയറക്ടറുടെ വിവരാവകാശ മറുപടിയിൽ പറയുന്നു. ഓരോ വർഷവും കോടികൾ ചെലവഴിച്ചു വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ കർഷകർക്കു പ്രയോജനപ്പെടുന്നുണ്ടോ എന്നു വിലയിരുത്താൻ നടപ്പാക്കിയ പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 70 കൃഷിഭവനുകളിൽ 2023–24 സാമ്പത്തിക വർഷത്തെ പദ്ധതികളുടെ സോഷ്യൽ ഓഡിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനായി ഓരോ ജില്ലയിൽ നിന്നും 5 കൃഷിഭവനുകൾ വീതം തിരഞ്ഞെടുത്തു. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ, പദ്ധതി ഗുണഭോക്താക്കളുടെ പ്രതിനിധി, വനിത, പട്ടികജാതി, പട്ടികവർഗ പ്രതിനിധികൾ, 3 കർഷക പ്രതിനിധികൾ എന്നിവരുൾപ്പെടെ 9 അംഗങ്ങളുടെ ടീം ഓഡിറ്റിനായി രൂപീകരിക്കാനും നിർദേശിച്ചു. കൃഷി വകുപ്പിന്റെ പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടോ, ഇതു മൂലം ഉൽപാദനം വർധിച്ചോ, ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് ഓഡിറ്റ് സംഘം പരിശോധിക്കേണ്ടിയിരുന്നത്.
എന്നാൽ പല ജില്ലകളിലും ഓഡിറ്റ് ഫലപ്രദമായി നടന്നിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കണമെന്നു ഏപ്രിൽ, മേയ് മാസങ്ങളിലായി 3 തവണ കൃഷി ഡയറക്ടർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർമാർക്കു കത്തു നൽകി. എന്നിട്ടും ഇതുവരെ 10 ജില്ലകൾ റിപ്പോർട്ട് നൽകിയിട്ടില്ല.
ഫണ്ടില്ല; താൽപര്യവും
ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും വകുപ്പു തലത്തിലെ ഏകോപനക്കുറവുമാണു സോഷ്യൽ ഓഡിറ്റ് പരാജയപ്പെടാൻ കാരണമെന്നു വിമർശനമുണ്ട്. ഒരു കൃഷിഭവൻ പരിധിയിൽ 10,000 രൂപ മാത്രമാണ് ഓഡിറ്റിന് അനുവദിച്ചത്.
ഓഡിറ്റിങ് നടത്തി മുൻപരിചയമുള്ളവർ സംഘത്തിൽ ഇല്ലാത്തതും വീഴ്ചയായി. ജില്ലാ തലത്തിലെ പ്രിൻസിപ്പൽ കൃഷി ഓഫിസ്, ബ്ലോക്ക് തലത്തിലെ അസി.ഡയറക്ടർ ഓഫിസുകൾ, മണ്ണു പരിശോധന കേന്ദ്രങ്ങൾ എന്നിവ ഒഴിവാക്കി കൃഷിഭവനുകളെ മാത്രമാണ് ഓഡിറ്റ് പരിധിയിൽ ഉൾപ്പെടുത്തിയത്. പദ്ധതികളുടെ വീഴ്ച ഓഡിറ്റിലൂടെ പുറത്തുവരാതിരിക്കാൻ ചില ഉദ്യോഗസ്ഥർ എടുത്ത ‘മുൻകരുതലും’ സോഷ്യൽ ഓഡിറ്റിനെ പരാജയപ്പെടുത്തി.