കൺവിൻസിങ് സ്റ്റാറുകൾ രംഗത്തിറങ്ങി, വാഗ്ദാനങ്ങളുടെ റീലുകൾ കറങ്ങി; എംജി സർവകലാശാലാ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്

Mail This Article
തൊടുപുഴ ∙ ‘സീസണൽ പാസം!’ വോട്ട് ചോദിക്കാനെത്തിയ വിദ്യാർഥി നേതാക്കളെപ്പറ്റി ഒരുപറ്റം വോട്ടർമാരുടെ കമന്റ്. കഴിഞ്ഞതവണ വിജയിപ്പിച്ചു വിട്ടതല്ലേ, പിന്നെ ഇപ്പോഴാണത്രേ കാണുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പുകളിലും മറ്റും പതിവായി കേട്ടിരുന്ന ട്രോൾ ഡയലോഗ് ജെൻ–സി ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. അതിനൊപ്പം വെറൈറ്റി വാക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെ ‘വേറെ ലെവൽ.’
കോളജ് ക്യാംപസുകളുടെ മതിലുകളിൽ മുതൽ ബസിനുള്ളിൽ വരെ നോട്ടിസും പോസ്റ്ററും പതിച്ചുള്ള വോട്ടുതേടൽ ഇന്നില്ല. പ്രധാന ക്യാംപെയ്ൻ സമൂഹമാധ്യമങ്ങളിലൂടെയാണ്. വിദ്യാർഥികളെ നേരിൽക്കണ്ട് വോട്ടു ചോദിച്ചും വരുംവർഷത്തിൽ ക്യാംപസിൽ നടത്തുന്ന വൻകിട പ്രോജക്ടുകൾ അവതരിപ്പിച്ചുമാണു പല സ്ഥാനാർഥികളുടെയും പ്രചാരണം.
എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ഇന്നലെ നിശ്ശബ്ദ പ്രചാരണമായിരുന്നു. ഇന്നു വോട്ടിങ്. കഴിഞ്ഞ ഒരു മാസക്കാലമായി ക്യാംപസുകളിൽ നടന്ന ഇലക്‌ഷൻ ക്യാംപെയ്നിന്റെ വിശേഷങ്ങൾ ഇതാ...
കൺവിൻസിങ് സ്റ്റാർസ്!
ട്രോളുകളിലൂടെ നിലപാടു സംസാരിക്കുന്ന രീതിയാണു ക്യാംപസുകളിൽ ഇപ്പോൾ. ‘കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളും’– ട്രോളിന്റെ ഗുണമായി വിദ്യാർഥികൾ പറയുന്നത് ഇതാണ്.
നടൻ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് ഡയലോഗാണ് ഇത്തവണത്തെ ട്രെൻഡ്. ‘നിങ്ങൾ വോട്ട് ചെയ്യ്, ഞങ്ങൾ മാറ്റങ്ങളുമായി വരാം.’ ആകർഷകമായ ഫോട്ടോകളും റീലുകളുമായി ക്യാംപെയ്ൻ പേജുകൾ നിറഞ്ഞു. കൈകെട്ടി നിൽക്കുന്ന സിംഗിൾ ഫോട്ടോകളാണ് ഇത്തവണ സ്ഥാനാർഥികൾ കൂടുതലായി പ്രചരിപ്പിച്ചത്.
മെഹന്ദി ഫെസ്റ്റ്, ഹാലോവീൻ ഡേ
വിദ്യാർഥികളെ കയ്യിലെടുക്കാൻ വാഗ്ദാനപ്പെരുമഴ തന്നെ ക്യാംപസുകളിൽ പെയ്തു. ഫ്രഷേഴ്സ് ഡേ, എത്‌നിക് ഡേ എന്നിവയ്ക്കൊപ്പം മെഹന്ദി ഫെസ്റ്റും ഹാലോവീൻ ഡേയും സ്ഥാനാർഥികളുടെയും മുന്നണികളുടെയും വാഗ്ദാനങ്ങളിലുണ്ട്.
ഫിലിം ഫെസ്റ്റിവൽ, കോളജ് റേഡിയോ, ഫാഷൻ ഫെസ്റ്റിവൽ എന്നിവയാണു മറ്റു വാഗ്ദാനങ്ങൾ. പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ്, മെൻസ്ട്രുവൽ കപ്പ് വിതരണം, സാനിറ്ററി പാഡ് മെഷീൻ എന്നിവ യൂണിയനുകളുടെ പ്രകടനപത്രികയിൽ ഇടം നേടി. സംസ്ഥാന–കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തൽ, സമകാലിക പ്രശ്നങ്ങളിലെ നിലപാട് എന്നിവയും ക്യാംപസ് ചർച്ച ചെയ്തു.
‘നാളെ മുതൽ തോളിൽ കയ്യിട്ടു വീണ്ടും നടക്കേണ്ടവരാണ്. ക്യാംപെയ്നിനിടെ അതും മനസ്സിലുണ്ടാകണം’– ഇങ്ങനെയും കണ്ടു, ചില പ്രചാരണ വാചകങ്ങൾ... സൗഹൃദത്തിന്റെ പ്രകടന പത്രിക എക്കാലവും ക്യാംപസിന്റെ ഭാഗമാണല്ലോ!