ADVERTISEMENT

പാലക്കാട് ∙ കേരളം നാളെ കാണാൻ പോകുന്ന ‘ന്യൂജെൻ’ തിരഞ്ഞെടുപ്പിന്റെ പരീക്ഷണ വേദിയായി മാറുകയാണു പാലക്കാട്. സ്ഥാനാർഥികൾ വെള്ള മാറ്റി കളർഫുള്ളായതാണു പ്രധാന പ്രത്യേകത. പച്ചയും മഞ്ഞയും നീലയുമൊക്കെയാണു സ്ഥാനാർഥികളുടെ വേഷം.

രാഹുൽ ബ്രോ, സരിൻ ബ്രോ എന്നു യുഡിഎഫും എൽഡിഎഫും സ്ഥാനാർഥിയെ വിളിക്കുമ്പോൾ ബിജെപിക്കു സ്ഥാനാർഥി കൃഷ്ണകുമാർ ജി ആണ്. കോൺഗ്രസ് വിട്ട് ഇടതുപാളയത്തിൽ എത്തിയ ഡോ.പി.സരിൻ തന്നെ സഖാവ് എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ പ്രത്യേക സുഖമുണ്ടെന്നു പറഞ്ഞെങ്കിലും സിപിഎം പോസ്റ്ററുകളിൽ ‘സരിൻ ബ്രോ’ ആക്കി. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഡോ.ജോ ജോസഫിനെ ‘ഡോക്ടർ ബ്രോ’ എന്നാണു വിളിച്ചിരുന്നതെങ്കിലും ഡോക്ടറായ സരിനെ അങ്ങനെ വിളിക്കുന്നില്ല. കാരണം ഒറ്റപ്പാലത്തു യുഡിഎഫ് സ്ഥാനാ‍ർഥിയായി മത്സരിക്കുമ്പോൾ സരിനെ കോൺഗ്രസുകാർ വിളിച്ചിരുന്നതു ‘ഡോക്ടർ ബ്രോ’ എന്നായിരുന്നു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഡോ.സരിന്റെയും സമൂഹമാധ്യമ പ്രചാരണ രീതികളിൽ സാമ്യം കാണാം. ഇരുവരും ആദ്യം പുറത്തിറക്കിയത് ടീ ഷർട്ട് ധരിച്ച ന്യൂജെൻ പോസ്റ്ററാണ്. 

പോസ്റ്റാകില്ല ഈ പോസ്റ്ററുകൾ 
തിരുവില്വാമല ∙ പോസ്റ്ററുകളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാമെന്ന അന്വേഷണത്തിലാണ് ചേലക്കരയിൽ മുന്നണിഭേദമെന്യേ പ്രവർത്തകർ. ‘ചേലക്കര ഇനി മാറും’ എന്നാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ഒരു പോസ്റ്റർ വാചകം.

1996 മുതൽ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത യുഡിഎഫിന് ഇതിലും നല്ലൊരു വാചകമില്ല. ‘നമ്മളല്ലാതെ മറ്റാര്?’ എന്നാണ് യു.ആർ.പ്രദീപിന് വേണ്ടി പ്രവർത്തകർ തയാറാക്കിയ പോസ്റ്ററുകളിൽ ഒന്നിലെ വാചകം. 

‘ചേലക്കരയുടെ ബാലേട്ടൻ’ എന്നാണ് എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ പോസ്റ്ററുകളിൽ കാണുന്നത്. എൽ‌ഡിഎഫ് സ്ഥാനാർഥിയെക്കാൾ പ്രായം കുറവാണെങ്കിലും ബാലകൃഷ്ണനാണ് പോസ്റ്ററുകളിൽ ‘ഏട്ടൻ’ വിശേഷണം. ‘ചേലക്കരയ്ക്ക് ഇത് താമരക്കാലം’ എന്ന വാചകത്തോടു കൂടിയ പോസ്റ്ററുകളും ധാരാളം. 

English Summary:

Kerala by elections colorful campaigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com