ജനസാഗരം സാക്ഷി; പ്രിയങ്കയുടെ പ്രചാരണത്തിനു തുടക്കം
Mail This Article
കൽപറ്റ ∙ പൊരിവെയിലിനും തളർത്താനാകാത്ത ആവേശത്തോടെ കാത്തുനിന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിച്ച് വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മീനങ്ങാടിയിലായിരുന്നു ആദ്യ വേദി. പനമരം, പൊഴുതന എന്നിവിടങ്ങളിലും പര്യടനം നടത്തി.
വയനാട്ടുകാരുടെ സാഹോദര്യത്തെയും ധൈര്യത്തെയും ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ട മനോധൈര്യത്തെയും ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ചരിത്രത്തെയുമെല്ലാം വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം. രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടിയപ്പോഴെല്ലാം ഒപ്പം നിന്നതു വയനാട്ടുകാരാണെന്നും വയനാട് നൽകിയ ഊർജം പിൻബലമാക്കിയാണു രാഹുൽ രാജ്യത്തിന്റെ ഐക്യം വീണ്ടെടുക്കാൻ ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്നതെന്നും പ്രിയങ്ക ആവർത്തിച്ചു.
കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ യോഗങ്ങളിൽ പ്രിയങ്ക ആഞ്ഞടിച്ചു. കേന്ദ്ര സർക്കാർ അധികാരം നിലനിർത്താൻ ജനങ്ങൾക്കിടയിൽ ഭയവും വിദ്വേഷവും വളർത്തി അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്തു നയം നടപ്പിലാക്കിയാലും അംബാനിക്കും അദാനിക്കും എങ്ങനെ മെച്ചമുണ്ടാക്കാമെന്നാണു പ്രധാനമന്ത്രി ചിന്തിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
‘പ്രധാനമന്ത്രി വയനാട്ടിൽ വന്നത് എന്തിന്?’
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയവൽക്കരിച്ചെന്നു പ്രിയങ്ക ഗാന്ധി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ പ്രധാനമന്ത്രി തയാറായില്ല. ഹിമാചൽ പ്രദേശിൽ പ്രകൃതിദുരന്തമുണ്ടായപ്പോഴും കേന്ദ്രം സഹായിച്ചില്ല. ഇതിനു കാരണം രാഷ്ട്രീയം മാത്രമാണ്. വയനാട്ടുകാരെ സഹായിച്ചില്ലെങ്കിൽ പിന്നെ നരേന്ദ്ര മോദി ഇവിടെ വന്നതിനും ദുരന്തബാധിതരെ കണ്ടതിനും എന്ത് അർഥമാണുള്ളത്? – പ്രിയങ്ക ചോദിച്ചു.