'സ്ത്രീസുരക്ഷ ഉറപ്പാക്കിയിട്ടു മതി സിനിമയ്ക്ക് പ്രദർശനാനുമതി': സിനിമാ നയരൂപീകരണ സമിതിയോട് ഡബ്ല്യുസിസി
Mail This Article
തിരുവനന്തപുരം∙ മലയാളത്തിലെ ഓരോ സിനിമയ്ക്കും പ്രദർശനാനുമതി നൽകുന്നതിനു മുൻപ് ഒരു സ്ത്രീ പോലും ചിത്രീകരണത്തിനിടെ ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്നു സർക്കാർ ഉറപ്പാക്കണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നിർദേശം. പുതിയ സിനിമാനയത്തിന് രൂപം നൽകാനായി നിയോഗിച്ച ഷാജി എൻ.കരുൺ സമിതിയുടെ സിറ്റിങ്ങിലാണ് ഡബ്ല്യുസിസി അംഗങ്ങളായ ബീന പോൾ, ദീദി ദാമോദരൻ, ആശ ആച്ചി തോമസ്, ജോളി ചിറയത്ത്, രഞ്ജിനി, സംഗീത ജനചന്ദ്രൻ, മിറിയം ജോസഫ്, സജിത മഠത്തിൽ, അഞ്ജലി മേനോൻ എന്നിവർ നിർദേശങ്ങൾ സമർപ്പിച്ചത്.
ഇതടക്കം ഒട്ടേറെ നിർദേശങ്ങൾ 31 പേജുകളടങ്ങിയ രേഖയിൽ ഡബ്ല്യുസിസി സമിതിക്കു സമർപ്പിച്ചു. അനൂകൂല പ്രതികരണമാണു സമിതി അംഗങ്ങളിൽനിന്നു ലഭിച്ചതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു.
മുഖ്യ നിർദേശങ്ങൾ
∙ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം, ചൂഷണം, തെറ്റായ പെരുമാറ്റം എന്നിവ സിനിമാ മേഖലയിൽ വ്യാപകമാണ്. ഏജന്റുമാരും സംഘടനകളും നിയമവിരുദ്ധമായി പണപ്പിരിവു നടത്തുന്നു. പക്ഷപാതിത്വം, വിലക്കേർപ്പെടുത്തൽ, മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗം എന്നിവ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇവ ഒഴിവാക്കാൻ സർക്കാർ ഇടപെടണം.
∙ കരാറില്ലാതെയുള്ള ജോലി അനുവദിക്കരുത്. വാഗ്ദാനം ചെയ്യുന്ന പ്രതിഫലം ഉറപ്പാക്കണം.
∙ ഓരോ സിനിമാ നിർമാണക്കമ്പനിക്കും തിരിച്ചറിയൽ നമ്പറും മേൽവിലാസവും വേണം. നിർമാതാവ്, സംവിധായകൻ ഉൾപ്പെടെ എല്ലാവർക്കും തിരിച്ചറിയൽ കാർഡും ഇൻഷുറൻസും നിർബന്ധമാക്കണം.
∙ സിനിമയുടെ ബജറ്റിന്റെ 20 മുതൽ 50% വരെ നായക, പുരുഷ താരങ്ങളുടെ പ്രതിഫലത്തിനായാണു ചെലവിടുന്നത്. ഇതിന് പരിധി നിർണയിക്കണം.
∙ സിനിമാ മേഖലയെ നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരണം. ഈ രംഗത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പ്രത്യേക കമ്മിഷനും ട്രൈബ്യൂണലും സ്ഥാപിക്കണം.
∙ സിനിമാ മേഖലയെ സുരക്ഷിതമായ തൊഴിലിടമാക്കുകയും ഒരു തരത്തിലുള്ള മോശം പ്രവണതകളും അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഒരു സ്ത്രീക്കു പോലും മോശം അനുഭവം ഉണ്ടാകരുത്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതു ഭയമില്ലാതെ ഉന്നയിക്കാനാകണം. കൃത്യവും ശക്തവുമായ പരിഹാരം ഉണ്ടാകുകയും വേണം.
∙ ഓരോ സിനിമയ്ക്കും ആ സിനിമയുടെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തിക്കുന്ന ആഭ്യന്തര സമിതി (ഇന്റേണൽ കമ്മിറ്റി) ഉണ്ടാകണം. ഏതു തരത്തിലുമുള്ള ലൈംഗികാതിക്രമങ്ങളുടെ പ്രിവൻഷൻ ആൻഡ് പ്രോഹിബിഷൻ ആകണം ഈ സമിതിയുടെ സുപ്രധാന ഉത്തരവാദിത്തം. എല്ലാ സുരക്ഷാ നടപടികളും ഉണ്ടായിട്ടും പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ അതു പരിഹരിക്കേണ്ടതും സമിതിയാണ്.