വീട്ടുജോലിക്കാരിയെ ബലാൽസംഗം ചെയ്തെന്ന കേസ്: പ്രതി അറസ്റ്റിൽ
Mail This Article
കൊച്ചി∙ വീട്ടുജോലിക്കായി എത്തിയ ഒഡിഷ സ്വദേശിയായ ഗോത്രവർഗ യുവതിയെ(22) ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കെ.ശിവപ്രസാദ്(75) അറസ്റ്റിൽ. 28 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം എറണാകുളം എസിപി പി.രാജ്കുമാർ മുൻപാകെ കീഴടങ്ങിയ ഉടൻ കുഴഞ്ഞു വീണ പ്രതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്നു വിട്ടയച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വൈദ്യപരിശോധനയും ലൈംഗികശേഷി പരിശോധനയും പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്നലെ വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. തുടർന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജ്യൂസിൽ ലഹരിപദാർഥം കലർത്തി നൽകി ബോധം കെടുത്തിയ ശേഷം യുവതിയെ ബലാൽസംഗം ചെയ്തെന്നാണു കേസ്. ബോധം നഷ്ടമായതിനാൽ താൻ പീഡനത്തിന് ഇരയായെന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല. പ്രതി കടന്നു പിടിച്ചുവെന്നു മാത്രമാണു പൊലീസിനു മൊഴി നൽകിയതും. എന്നാൽ, ഉടൻ തന്നെ വൈദ്യപരിശോധന നടത്താൻ പൊലീസ് ജാഗ്രത കാട്ടിയതാണു കേസിൽ വഴിത്തിരിവായത്. വൈദ്യ പരിശോധന നടത്തിയ ഡോക്ടർ ബലാൽസംഗം സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിലവിൽ രണ്ടു പീഡനക്കേസുകളാണു പ്രതിക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒന്നിലേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന പ്രതിക്കു സിനിമ– രാഷ്ട്രീയ മേഖലകളിലുള്ള ഉന്നത ബന്ധങ്ങൾ കണക്കിലെടുത്തു കരുതലോടെയാണു പൊലീസ് നീങ്ങിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ശിവപ്രസാദ് ഒളിവിൽ കഴിയുമ്പോൾ തന്നെ ശേഖരിച്ച ശേഷമാണു പൊലീസ് മുന്നോട്ടു പോയത്. ശിവപ്രസാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.