ADVERTISEMENT

തിരുവനന്തപുരം ∙ സിനിമാമേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി ശുപാർശ ചെയ്ത നിയമനിർമാണത്തിനു വിലങ്ങുതടിയായത് മുഖ്യമന്ത്രിയുടെ തന്നെ ഉത്തരവ്. മറ്റൊരു നിയമം പരിഗണനയിലുണ്ടെന്ന സാങ്കേതികത്വം പറഞ്ഞു സാംസ്കാരിക, നിയമ വകുപ്പുകളും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധന വകുപ്പും നിയമനിർമാണത്തെ തടസ്സപ്പെടുത്തി. 2019 ഡിസംബർ 31നു റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ സിനിമാനയം രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച യോഗം അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ വിളിച്ചുചേർത്തുപോലുമില്ല. 

അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടു രൂപീകരിക്കുന്ന ബില്ലിൽ ഹേമ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടുത്തുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുടെ ഫയൽകുറിപ്പ്.
അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടു രൂപീകരിക്കുന്ന ബില്ലിൽ ഹേമ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടുത്തുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുടെ ഫയൽകുറിപ്പ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യരേഖയായി സർക്കാരിന്റെ പക്കലിരുന്ന കാലയളവിലെ ഫയൽകുറിപ്പുകളിലാണ് ഈ വിവരങ്ങളുള്ളത്. സാംസ്കാരിക വകുപ്പിൽനിന്നുള്ള ഫയലിൽ 2021 ജൂലൈ 15നു കുറിച്ചിരിക്കുന്നതിങ്ങനെ– ‘സിനിമ മേഖലയുടെ പൂർണമായ റഗുലേഷൻ, റജിസ്ട്രേഷൻ തുടങ്ങിയവ ഉൾപ്പെടുത്തി നിയമനിർമാണം നടത്തുന്നത് ആശയാവിഷ്കാര സ്വാതന്ത്ര്യത്തെയും മേഖലയുടെ സ്വതന്ത്രമായ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം തൽക്കാലം നിർത്തിവച്ചിരിക്കുന്നു’. 

നിയമനിർമാണം നടത്തുന്നതു മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം തൽക്കാലം നിർത്തിവച്ചെന്ന സാംസ്കാരിക വകുപ്പിന്റെ ഫയൽകുറിപ്പ്.
നിയമനിർമാണം നടത്തുന്നതു മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം തൽക്കാലം നിർത്തിവച്ചെന്ന സാംസ്കാരിക വകുപ്പിന്റെ ഫയൽകുറിപ്പ്.

കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് നിയന്ത്രണച്ചട്ടം രൂപീകരിക്കണമെന്നായിരുന്നു ഹേമ കമ്മിറ്റി നൽകിയ പ്രധാന ശുപാർശ. മുൻപ് അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ബില്ലിൽ ഹേമ കമ്മിറ്റി ശുപാർശകൾ കൂടി ഉൾപ്പെടുത്താമോയെന്നു പരിശോധിക്കാൻ 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർദേശിച്ചു. അതിക്രമം നേരിട്ടവരുമായി സംസാരിച്ച് ഹേമ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലെ ശുപാർശകളാണ് ഈ രീതിയിൽ മറ്റൊരു റിപ്പോർട്ടുമായി ബന്ധിപ്പിച്ചത്. അടൂരിന്റെ റിപ്പോർട്ട് ആധാരമാക്കി കേരള സിനിമ റഗുലേറ്ററി അതോറിറ്റി ബിൽ രൂപീകരിക്കുന്നുണ്ടെന്നും മറ്റൊരു നിയമത്തിനു പ്രസക്തിയില്ലെന്നും സാംസ്കാരിക, നിയമ വകുപ്പുകൾ നിലപാടെടുത്തു. ഇരുവകുപ്പുകളും പിന്തുണച്ച അടൂർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമത്തെയാകട്ടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് വെട്ടി. ഇതിനു പിന്നാലെയാണ് നിയമനിർമാണം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കിയതെന്നു ഫയൽകുറിപ്പിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com