സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി

Mail This Article
കൊച്ചി ∙ സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി. രൂപത ആസ്ഥാനമായ വിശുദ്ധ അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്കു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
കുർബാന മധ്യേ നിയുക്ത ബിഷപ്പിനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ തട്ടിൽ പേരുചൊല്ലി വിളിച്ചു. കൈവയ്പു ശുശ്രൂഷയ്ക്കു ശേഷം, മെത്രാന്റെ സ്ഥാനചിഹ്നമായ തൊപ്പിയും വടിയും മാർ പാണേങ്ങാടനെ അണിയിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ മെത്രാനായി നീക്കിവച്ച ഇരിപ്പിടത്തിലേക്കു മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ പ്രധാന കാർമികൻ ആനയിച്ചു.
2017 ൽ സ്ഥാപിതമായ ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണു ഷംഷാബാദ് രൂപതയ്ക്കു പുതിയ മെത്രാനെ കണ്ടെത്തേണ്ടി വന്നത്.
അതുവരെ ആദിലാബാദ് രൂപതയുടെ മെത്രാനായി ചുമതല വഹിക്കുകയായിരുന്നു. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയാണു ഷംഷാബാദ്. മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ വൈദികനായതു മുതൽ 23 വർഷം ആദിലാബാദ് രൂപതയിലാണു പ്രവർത്തിച്ചത്.
ആദിലാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ മേജർ ആർച്ച് ബിഷപ് നിയമിച്ചു.