എൻ.പ്രശാന്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ ‘മുക്കി’യെന്ന് ആരോപിച്ച ഫയൽ കിട്ടിയെന്ന് സ്ഥിരീകരിച്ച് മന്ത്രി ഓഫിസ്

Mail This Article
തിരുവനന്തപുരം ∙ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ‘ഉന്നതി’യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകൾ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരിച്ചു. പ്രശാന്ത് ‘ഉന്നതി’യിൽനിന്നു സ്ഥാനമൊഴിയുംമുൻപ് ഫയലുകൾ ഏൽപിച്ചിരുന്നതായി പട്ടികജാതി– പട്ടികവർഗ വികസന മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. വകുപ്പു സെക്രട്ടറിയായിരുന്ന എ.ജയതിലകുമായുള്ള അകൽച്ച കാരണമാണ് ഫയലുകൾ അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണനെ ഏൽപിച്ചത്.
പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചിട്ടില്ല. ജയതിലകിനെതിരെ പ്രശാന്ത് പരസ്യമായി ആരോപണമുന്നയിച്ചതിന്റെ പേരിലാണു നടപടിനീക്കം. ജയതിലകിനെതിരെ തുറന്ന പോരിനു തന്നെ തീരുമാനിച്ചിരിക്കുന്ന പ്രശാന്ത്, ആരോപണങ്ങളൊന്നും ഇപ്പോഴും ഫെയ്സ്ബുക്കിൽനിന്നു നീക്കിയിട്ടില്ല. ഇരുവരും തമ്മിലുള്ള പോരിനെത്തുടർന്നാണ് പ്രശാന്തിനെ നീക്കി, പകരം കെ.ഗോപാലകൃഷ്ണനെ ‘ഉന്നതി’ സിഇഒ ആക്കിയത്. പിന്നാലെ ജയതിലകും ഗോപാലകൃഷ്ണനും ചേർന്ന്, താൻ ഫയൽ മുക്കിയെന്നു റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്കു നൽകിയെന്നാണു പ്രശാന്തിന്റെ ആരോപണം.
മതാടിസ്ഥാനത്തിൽ കെ.ഗോപാലകൃഷ്ണൻ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവരം ചോർത്തിനൽകിയത് പ്രശാന്താണെന്ന സംശയം മൂലമാണ് ഫയൽ മുക്കിയെന്ന ആരോപണം എതിർപക്ഷം പുറത്തുവിട്ടത്. ജയതിലകും പ്രശാന്തും തമ്മിൽ മാസങ്ങളായി തുടരുന്ന പോരിൽ ഇടപെടാതിരുന്ന സർക്കാരാകട്ടെ, ഇപ്പോൾ ഉദ്യോഗസ്ഥർ ഗ്രൂപ്പു തിരിഞ്ഞു പോരടിക്കുന്നതു കണ്ടുനിൽക്കേണ്ട അവസ്ഥയിലുമാണ്.
നിയമസഹായംനൽകും: ബി. അശോക്
തിരുവനന്തപുരം ∙ ഏത് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും സസ്പെൻഷൻ ശിക്ഷാവിധിയല്ലെന്നും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ബി.അശോക് പ്രതികരിച്ചു. സർക്കാരിനു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെടുക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടിയാണത്. ഉദ്യോഗസ്ഥർക്കു കുറ്റപത്രം നൽകി, അവരുടെ ഭാഗം കേട്ട് തീരുമാനമെടുക്കാനാണു സസ്പെൻഷൻ. അത് സർവീസിൽ അസാധാരണമായ നടപടിയൊന്നുമല്ല.
എല്ലാകാലത്തും ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും പ്രചരിപ്പിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള വ്യത്യാസം. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഞങ്ങൾ പ്രതീക്ഷിച്ചതാണ്. അവരവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം ഉദ്യോഗസ്ഥർക്കു ലഭിക്കും. അക്കാര്യത്തിൽ അവർക്കാവശ്യമായ നിയമ സഹായം അസോസിയേഷൻ നൽകും. തിരുത്തേണ്ടതു തിരുത്തി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥരെ സഹായിക്കുകയെന്നതാണ് അസോസിയേഷന്റെ കടമ.