കണ്ണൂർ രൂപതയുടെ പ്രഥമ സഹായമെത്രാൻ; മോൺ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി

Mail This Article
കണ്ണൂർ ∙ പ്രാർഥനാഗീതികൾ നിറഞ്ഞുനിന്ന ബലിവേദിയിൽ, വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി കണ്ണൂർ രൂപതയുടെ പ്രഥമ സഹായമെത്രാനായി മോൺ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി. ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ചടങ്ങുകൾക്ക് റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.സാൽവത്തോറെ പെനാക്യോ കാർമികത്വം വഹിച്ചു. അജപാലന അധികാരത്തിന്റെ അടയാളങ്ങളായ അംശമുടിയും അംശവടിയും സ്ഥാനമോതിരവും അദ്ദേഹം സഹായമെത്രാനെ അണിയിച്ചു.
ബോംബെ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരായി. കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകാംഗമാണ് ഡോ.ഡെന്നിസ് കുറുപ്പശേരി. കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷനായി.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ.ലിയോപോൾദോ ജിറെല്ലി, ബംഗ്ലദേശിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് കെവിൻ സ്റ്റുവർട്ട് റണ്ടാൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ പ്രസംഗിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ് എംഎൽഎ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ സന്നിഹിതരായി.