മുനമ്പം: രാഷ്ട്രീയ പാർട്ടികൾ സത്യത്തിന്റെ പക്ഷത്തല്ലെന്ന് മാർ ആലഞ്ചേരി
Mail This Article
ആലപ്പുഴ ∙ മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികൾ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തല്ലെന്നു മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്കാ കോൺഗ്രസിന്റെ ആലപ്പുഴ ഫൊറോന സമിതി സംഘടിപ്പിച്ച നസ്രാണി സംഗമവും, മുനമ്പം ഐക്യദാർഢ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മാർ ആലഞ്ചേരി.
സങ്കുചിത താൽപര്യങ്ങൾ മാറ്റിവച്ച് അവർ സത്യത്തിനും നീതിക്കും വേണ്ടി മുന്നോട്ടുവരണം. നിക്ഷിപ്ത താൽപര്യങ്ങൾ കാരണം മനുഷ്യസമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കുന്നില്ല. കാർഷിക, മലയോര മേഖലകളിലെ പ്രശ്നങ്ങളുടെ തുടർച്ചയായി വേണം മുനമ്പം പ്രശ്നത്തെയും കാണാൻ. മുനമ്പത്തെ സഹോദരങ്ങളെ സിറോ മലബാർ സഭ ഏറ്റെടുക്കുന്നു. അവരെ കുടിയൊഴിപ്പിക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ല – കർദിനാൾ പറഞ്ഞു.