പട്ടികജാതിക്കാരോടു കാട്ടിയ ചതിക്ക് ചേലക്കര മറുപടി നൽകും: സുധാകരൻ

Mail This Article
ചേലക്കര ∙ മുൻമന്ത്രി കെ.രാധാകൃഷ്ണനെ ചേലക്കരയിൽ നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാർട്ടി പ്രവർത്തകരുടെ എതിർപ്പു മാത്രം മതി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ജയിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതാക്കി പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്നു സിപിഎം പറയുന്നതു കേട്ടാൽ ജനം മൂക്കത്ത് വിരൽവയ്ക്കും. സിപിഎമ്മിനെ ആർഎസ്എസിന്റെ ആലയത്തിൽ കൊണ്ടുപോയി കെട്ടിയ മുഖ്യമന്ത്രിയാണു പിണറായി. സെക്രട്ടേറിയറ്റിൽ ഐഎഎസുകാർ ആർഎസ്എസ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നു. സ്വർണക്കടത്ത് മലപ്പുറം ജില്ലയുടെ തലയിൽ കെട്ടിവച്ചു. ഇതൊക്കെയാണു മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ സംരക്ഷണം. മുനമ്പം വിഷയം ആളിക്കത്താൻ തുടങ്ങിയപ്പോൾ മാത്രമാണ് സർക്കാർ ഉന്നതതലയോഗം വിളിക്കാൻ തയാറായത്. വഖഫ് ബോർഡിനു മുഖ്യമന്ത്രി നിർദേശം നൽകിയാൽ തീരാനുള്ള വിഷയങ്ങൾ മാത്രമേയുള്ളു– സുധാകരൻ പറഞ്ഞു.