സിപിഎം ഫെയ്സ്ബുക് പേജിൽ യുഡിഎഫ് പ്രചാരണ വിഡിയോ: പരാതി നൽകിയത് ഇന്നലെ

Mail This Article
പത്തനംതിട്ട ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ. സംഭവമുണ്ടായ ഞായറാഴ്ച തന്നെ പരാതി നൽകിയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അവകാശപ്പെട്ടിരുന്നത്. ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തെന്നുകാട്ടി സിപിഎം ജില്ലാ കമ്മിറ്റി നൽകിയ പരാതി സൈബർ സെല്ലിനു കൈമാറിയെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു.
വിഡിയോ പ്രചരിച്ച സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പേജ് അഡ്മിൻമാരുടെ എണ്ണം പ്രധാന അംഗങ്ങൾക്കു മാത്രമായി ചുരുക്കി. വിഡിയോയ്ക്ക് ഒരു ലൈക്ക് മാത്രം ലഭിച്ച സമയത്തെ സ്ക്രീൻ റെക്കോർഡ് ഉൾപ്പെടെ പ്രചരിച്ചത് സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. അഡ്മിൻമാർ പരിശോധിച്ചപ്പോൾ വിഡിയോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിഡിയോ പോസ്റ്റ് ചെയ്തതിന്റെ അറിയിപ്പ് അഡ്മിൻമാർക്കു ലഭിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
വിഡിയോ പ്രചരിച്ചത് വ്യാജ അക്കൗണ്ടിൽ നിന്നാണെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. പേജ് പിന്തുടരുന്നവരുടെ എണ്ണം ഉൾപ്പെടെ പുറത്തു വന്നതോടെ ജില്ലാ നേതൃത്വം പ്രതിരോധത്തിലായി. തുടർന്ന് ‘വ്യാജൻ ഹാക്കറായി’ എന്ന പേരിൽ ഞായറാഴ്ച ഉച്ചയോടെ ജില്ലാ സെക്രട്ടറി വിശദീകരണക്കുറിപ്പിറക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി ഉന്നം വച്ചുള്ള പരാമർശങ്ങൾ പോസ്റ്റിലുണ്ടായിരുന്നു. സൈബർ പൊലീസിനും ഫെയ്സ്ബുക്കിനും പരാതി നൽകിയെന്നും ഹാക്ക് ചെയ്ത പേജ് പിന്നീട് തിരിച്ചു പിടിച്ചെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചിരുന്നു.