നേതാക്കളുടെ നില
Mail This Article
മുഖ്യമന്ത്രി പിണറായി വിജയൻ
ചേലക്കരയിലും പാലക്കാട്ടും പ്രചാരണത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ അർപ്പിച്ച വിശ്വാസം കാത്തു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സിറ്റിങ് സീറ്റ് കൂടി അടിയറവയ്ക്കേണ്ടി വന്നിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് പറയാൻ ന്യായമൊന്നും അവശേഷിക്കുമായിരുന്നില്ല.
പാർട്ടിയിലും മുന്നണിയിലും ഉയരുന്ന ചോദ്യങ്ങൾ ശക്തിപ്രാപിക്കുന്നതു തൽക്കാലത്തേക്കെങ്കിലും തടയാൻ ചേലക്കരയിലൂടെ മുഖ്യമന്ത്രി ശ്രമിക്കും. നേരിട്ടോ സമൂഹമാധ്യമങ്ങളിൽ കൂടിയോ പ്രതികരണത്തിനു മുഖ്യമന്ത്രി തയാറായില്ല. പ്രതികരണമായി പത്രക്കുറിപ്പാണു പുറത്തുവന്നത്. അതുകൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മുഖ്യമന്ത്രി സന്തുഷ്ടനോ എന്നു സംശയിക്കുന്നവരുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
പാലക്കാട് കൈവരിക്കാനായ ഉജ്വല ഭൂരിപക്ഷം യുഡിഎഫ് രാഷ്ട്രീയത്തിൽ വി.ഡി.സതീശന്റെ ഗ്രാഫ് ഉയർത്തും. എതിർപ്പുകളെ മറികടന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചത് സതീശനാണ്. പാലക്കാട്ടും ചേലക്കരയിലും പ്രചാരണത്തിനും ആസൂത്രണത്തിനും നേതൃത്വം നൽകിയതും പ്രതിപക്ഷ നേതാവ് തന്നെ. ഒറ്റപ്പെട്ട മുറുമുറുപ്പുകളുണ്ടായെങ്കിലും പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണയും പ്രവർത്തനവും രണ്ടിടത്തും ഉറപ്പിക്കാൻ സതീശനു കഴിഞ്ഞു.
ആശിച്ച വിജയം ചേലക്കരയിൽ നേടാനായില്ലെങ്കിലും ഏറെ മുന്നോട്ടുവരാനായെന്ന് ആശ്വസിക്കാം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പൂർണമായ സഹകരണം ഉറപ്പാക്കാനുമായി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
ആർഎസ്എസിന്റെ പിന്തുണയും ആവശ്യത്തിന് ഫണ്ടും ഉണ്ടായിട്ടും പാലക്കാട്ട് വോട്ടു ചോർന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തിനു മേൽ ചോദ്യങ്ങൾ തീർക്കുന്നു. സുരേന്ദ്രൻ നേരിട്ടാണ് ഇവിടെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നിർണായക ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ സന്ദീപ് വാരിയരെ കൂടെ നിർത്താൻ കഴിയാഞ്ഞതോടെ പാർട്ടിയെ ഒത്തിണക്കത്തോടെ കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന വിമർശനം കൂടുതൽ ശക്തമാകും.
കൊടകര കുഴൽപണക്കേസ് അടക്കം വീണ്ടും ഉയർന്നു വന്നതും പ്രതിരോധത്തിലാക്കും.ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നേടാനായ വിജയം മാത്രമാണ് പിടിവള്ളി.