മുനമ്പം ജുഡീഷ്യൽ കമ്മിഷൻ: മന്ത്രിസഭയിൽ മുഖ്യമന്ത്രി ഇന്ന് വിശദീകരിക്കും
Mail This Article
തിരുവനന്തപുരം∙ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനു ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. കമ്മിഷനെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം സർക്കാർ ഇനിയും പുറത്തിറക്കിയിട്ടില്ല. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ സപ്ലിമെന്ററി കൺസഷൻ കരാറിന്റെ കരട് മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ആദ്യത്തെ കരാർ പ്രകാരം 2019 ഡിസംബറിൽ വാണിജ്യ പ്രവർത്തനം തുടങ്ങേണ്ടതായിരുന്നു. ഈ കാലാവധി 2024 ഡിസംബറിലേക്കു നീട്ടിയതുൾപ്പെടെയുള്ള വ്യവസ്ഥകൾ സപ്ലിമെന്ററി കരാറിലാണ് ഉൾപ്പെടുത്തേണ്ടത്. 2034ൽ സംസ്ഥാനത്തിനു വരുമാനവിഹിതം ലഭിച്ചുതുടങ്ങണമെങ്കിലും സപ്ലിമെന്ററി കരാർ നിർബന്ധം. ആർബിട്രേഷൻ കേസ് ഒത്തുതീർപ്പാക്കാൻ ധാരണയിലെത്തിയതല്ലാതെ സർക്കാരും അദാനിയുമായി ഈ കരാർ ഒപ്പിട്ടിരുന്നില്ല. സപ്ലിമെന്ററി കരാറിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകാതെ ഡിസംബർ ആദ്യവാരം തുറമുഖത്തിന്റെ കമ്മിഷനിങ് നടക്കില്ല. കരാർ ഈ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുമെന്നു മന്ത്രി വി.എൻ.വാസവനും വ്യക്തമാക്കിയിരുന്നു.