ഒരേ സ്ഥലത്തു 8 വർഷത്തിന് ശേഷം വീണ്ടും ദുരന്തം: കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു
Mail This Article
മൂവാറ്റുപുഴ∙ എട്ടു വർഷം മുൻപു മൂന്നു കുടുംബാംഗങ്ങൾ അപകടത്തിൽ മരിച്ച സ്ഥലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. വാളകം മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരനാണ് ( കുഞ്ഞുമോൻ 75 ) ഇന്നലെ പുലർച്ചെ മരിച്ചത്. 8 വർഷം മുൻപുണ്ടായ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്ന കൊച്ചുമകൻ ജ്യോതിസ് രാജിന് 2 കോടിയോളം രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്കു നിർദേശം നൽകി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 4നു കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വാളകം പഞ്ചായത്ത് ഓഫിസിനു സമീപം റോഡിനു കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണു പരമേശ്വരനു ഗുരുതര പരുക്കേറ്റത്. 2016 ഡിസംബർ 3നു ക്ഷേത്രത്തിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നവർക്കിടയിലേക്കു കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരമേശ്വരന്റെ ഭാര്യ രാധ (60) മകൻ പ്രവീണിന്റെ ഭാര്യ രജിത (30) കൊച്ചുമകൾ നിവേദിത (6) എന്നിവരാണു മരിച്ചത്. പരമേശ്വരന്റെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ് അമ്പാടി, ശ്രേയ എന്നിവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അതേ സ്ഥലത്തുതന്നെയാണു പരമേശ്വരനും അപകടത്തിൽപെട്ടത്.പരമേശ്വരന്റെ സംസ്കാരം നടത്തി. മക്കൾ: പ്രീത, പ്രീജ, പ്രവീൺ. മരുമക്കൾ: ജയൻ, രാജേഷ്, ആശ.